മലപ്പുറം: ബിജെപിയിലേക്കു പോകാനുള്ള കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ തീരുമാനം അപമാനകരമാണെന്നും അതിനെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ധീരമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മക്കള്‍ പോകുന്നതില്‍ വലിയ കാര്യമില്ലെന്നും വാപ്പമാര് പോകുമ്പോള്‍ നോക്കിയാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ”പത്മജ ബിജെപിയിലേക്കു പോയ അവസ്ഥയെ കോണ്‍ഗ്രസ് ധൈര്യപൂര്‍വം നേരിടുകയാണ്. ആ ഉശിര് ജനങ്ങള്‍ കാണുന്നുണ്ട്. അപ്പോള്‍ കോട്ടമല്ല, നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
”മക്കള്‍ സ്വയം എസ്റ്റാബ്ലിഷ് ചെയ്യണം. അച്ഛന്മാര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന തീരുമാനം മക്കള്‍ എടുത്താല്‍ അതിനെ ജനങ്ങള്‍ ഉള്‍ക്കൊള്ളില്ല. അവരുടെ മണ്ടത്തരം എന്നേ കേരളത്തിലെ ആളുകള്‍ കാണൂ. ഇവിടെ അത്തരം ആളുകളെ പുച്ഛത്തോടെയേ കാണൂ. കൊണ്ടുപോയിട്ട് കാര്യവും ഉണ്ടാകില്ല”- കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഡി അന്വേഷണത്തെ ഭയന്നാണോ പത്മജയുടെ ബിജെപി പ്രവേശനം എന്ന ചോദ്യത്തിനോട് ”പേടിച്ചോടുന്നവനെ പേടിത്തൊണ്ടന്‍ എന്നല്ലേ ജനം പറയൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തില്‍ ബിജെപിക്ക് എളുപ്പത്തില്‍ വേരുണ്ടാക്കാന്‍ കഴിയില്ലെന്നും അതു പരമാര്‍ഥമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു മേല്‍ക്കൈ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.