അഗര്‍ത്തല: ത്രിപുരയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോത്ര വര്‍ഗ സംഘടനയായ ഇന്‍ഡിജീനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര ( ഐ.എന്‍.പി.ടി)യും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായി. ഇരു പാര്‍ട്ടികളും തമ്മില്‍ ഇതു സംബന്ധിച്ച ധാരണ പത്രം ഒപ്പുവെച്ചതായി നേതാക്കള്‍ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.പി.ടിയുമായുണ്ടാക്കിയ സഖ്യം ബി.ജെ.പിക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ഗോത്ര സംഘടനയായ ഐ.എന്‍.പി.ടി ത്രിപുരയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയേയും ഇടത് പാര്‍ട്ടികളേയും ഒരു പോലെ പരാജയപ്പെടുത്തേണ്ടതിനാല്‍ കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണ നല്‍കുകയാണെന്നും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുന്നതായി ഐ.എന്‍.പി.ടി അറിയിച്ചു. ഉപാധികളില്ലാതെയാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതെന്നും ത്രിപുര ട്രൈബല്‍ മേഖലയില്‍ കൂടുതല്‍ സ്വയം ഭരണാവകാശം കോണ്‍ഗ്രസ് അധ്യക്ഷന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഐ.എന്‍.പി.ടി പ്രസിഡന്റ് ബിജോയ് കുമാര്‍ ഹൃങ്കോള്‍ അറിയിച്ചു.
ത്രിപുരയില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ ഏപ്രില്‍ 11നും ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ ഏപ്രില്‍ 18നുമാണ് വോട്ടെടുപ്പ്. ബി.ജെ.പിയില്‍ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ കോണ്‍ഗ്രസിലേക്ക് കടന്നു വന്ന ത്രിപുരയില്‍ ബി.ജെ.പിയെ തറപറ്റിക്കാനാവുമെന്ന ആത്മ വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.