X

ഖാര്‍ഗെയുടെ കൈകളിലെ കോണ്‍ഗ്രസ്

വിശാല്‍ ആര്‍.

1885ല്‍ അലന്‍ ഒക്‌ടേവിയന്‍ ഹ്യൂമിന്റെ ആശയത്തില്‍ ജന്മംകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് രക്തവും ഊര്‍ജവും നല്‍കിയ പ്രസ്ഥാനമാണ് കോണ്‍ ഗ്രസ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനവിഭാഗവും പ്രതീക്ഷ വെക്കുന്നത് കൊളോണിയലിസത്തിന്റെ വേരറുത്ത് ജനാധിപത്യ ആശയങ്ങളും ദേശീയതയും പഠിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തെ തന്നെയാണ്. രാജ്യം ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. പാര്‍ട്ടിയെ പ്രതാപ കാലത്തിലേക്ക് എത്തിക്കുക എന്ന ചരിത്ര നിയോഗമാണ് പുതിയ അധ്യക്ഷന്റെ ചുമലിലുള്ള ഏറ്റവും വലിയ ഭാരം. അതുകൊണ്ടുതന്നെ വളരെയധികം രാഷ്ട്രീയ നേതൃപാടവമുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയം പാര്‍ട്ടിക്ക് കരുത്തുപകരുന്നതാണ്.

വര്‍ഷാവര്‍ഷം ആരോഗ്യപരമായ തിരഞ്ഞെടുപ്പും അധ്യക്ഷ മാറ്റവുമെല്ലാം മുമ്പും കോണ്‍ഗ്രസിലുണ്ടായിരുന്നു. 1885 ഡിസംബര്‍ 28 നാണ് കോണ്‍ഗ്രസിന്റെ ആദ്യ അധ്യക്ഷനായി വൊമേഷ് ചന്ദ്ര ചാറ്റര്‍ജി എത്തുന്നത്. തൊട്ടടുത്ത വര്‍ഷം 1886ല്‍ ദാദാ ബായ് നവറോജിയും 87ല്‍ ബദറുദ്ദീന്‍ തയ്യിബ്ജിയും 88ല്‍ ജോര്‍ജ് യൂളുമെല്ലാം അധ്യക്ഷന്മാരായെത്തി. ഈ കാലഘട്ടത്തില്‍ തന്നെ 1892ല്‍ ഡബ്ലിയു.സി ബാനര്‍ജിയും 1893ല്‍ നവറോജിയും അധ്യക്ഷ പദത്തിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1924ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി മഹാത്മാഗാന്ധിയുമെത്തി. 1929-30 കാലയളവില്‍ ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസ് അധ്യക്ഷനായി. അദ്ദേഹത്തിന് ശേഷം സുഭാഷ് ചന്ദ്ര ബോസും അബ്ദുല്‍ കലാം ആസാദും രാജേന്ദ്ര പ്രസാദുമെല്ലാം അധ്യക്ഷന്മാരായി. 1936, 37 വര്‍ഷങ്ങളിലും നെഹ്‌റു വീണ്ടും കോണ്‍ഗ്രസ് തലപ്പത്തെത്തി.

1948ല്‍ സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നു. പട്ടാഭി സീതീരാമയ്യ വിജയിച്ചു. ഇദ്ദേഹത്തിന് ശേഷം പുരുഷോത്തം ദാസ് ടണ്ടന്‍ അധ്യക്ഷനായി. തൊട്ടടുത്ത വര്‍ഷം നെഹ്‌റു വീണ്ടും അധ്യക്ഷ പദവിയിലെത്തി. തുടര്‍ന്ന് 1952, 53, 54 വര്‍ഷങ്ങളിലും നെഹ്‌റു അധ്യക്ഷനായി. 1955 ലെ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ യു.എന്‍ ദബര്‍ 1959 വരെ തുടര്‍ച്ചയായി നാല് തവണ അധ്യക്ഷ പദം അലങ്കരിച്ചു. 1959 ലെ ഡല്‍ഹി സ്‌പെഷല്‍ സമ്മേളനത്തെ തുടര്‍ന്നുള്ള അധ്യക്ഷ തിരഞ്ഞെടുപ്പിലാണ് ഇന്ദിര ഗാന്ധി പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത്. ഇന്ദിരക്ക് ശേഷം നീലം സഞ്ജീവ റെഡ്ഡിയും അതിനുശേഷം നരസിംഹറാവും പിന്നീട് രാജീവ്ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരായി. അതിനുശേഷം സീതാറാം കേസരിയായിരുന്നു അധ്യക്ഷന്‍. തുടര്‍ന്ന് സോണിയഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലെത്തി.

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാറിന്റെ ഭിന്നിപ്പിക്കല്‍ നയങ്ങളില്‍നിന്നും ഭരണക്കാരുടെ സൗഹൃദ മുതലാളിത്ത സമ്പദ് വ്യവസ്ഥയില്‍നിന്നും വിലക്കയറ്റത്തില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്ന് വിശ്വസിക്കാം. നെഹ്‌റുവിയന്‍ രാഷ്ട്രീയത്തിനൊപ്പം എന്നും അച്ചടക്കത്തോടെ നിലയുറപ്പിച്ചിരുന്ന പരാതിയില്ലാത്ത പരിഭവങ്ങളില്ലാത്ത വിലപേശലില്ലാത്ത നാട്യങ്ങളില്ലാത്ത ഖാര്‍ഗെയുടെ വ്യക്തിത്വം അതിനു കരുത്തേകുമെന്നുതന്നെ കരുതാം.
സംഘ്പരിവാര്‍ ശക്തികളുടെ നക്കാപിച്ചക്ക് വേണ്ടി പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന കപട്യക്കാര്‍ക്കിടയില്‍ എന്നും ശക്തമായ നിലപാടുകളുമായി ഹൈക്കമാന്റിനൊപ്പമായിരുന്നു ഖാര്‍ഗെ. വിലക്കെടുക്കാന്‍ ഒരു കാലത്തും സാധിക്കില്ല ഖാര്‍ഗെയെ. ആശയം കൊണ്ടോ പ്രസ്താവന കൊണ്ടോ രചനകള്‍ കൊണ്ടോ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടുമില്ല ഖാര്‍ഗെ.

ബാബു ജഗ്ജീവന്‍ റാമിന് ശേഷം നേതൃ നിരയിലേക്ക് ഉയര്‍ന്നുവന്ന ദലിത് ശബ്ദമാണിത്. ഭരണഘടന ശില്‍പി ബി.ആര്‍ അംബേദ്കര്‍ എക്കാലവും നെഹ്‌റുവിന്റെ സൗഹൃദ രാഷ്ട്രീയത്തിന് വലിയ സംഭാവനകള്‍ നല്‍കിയിരുന്നു. ഹിന്ദു കോഡ് ബില്ലടക്കം രാജ്യത്ത് പല ഭരണഘടനാപരമായ ദീര്‍ഘവീക്ഷണങ്ങള്‍ക്കും കാരണമായ നെഹ്‌റു-അംബേദ്കര്‍ കൂട്ടുകെട്ടിന്റെ പിന്‍തുടര്‍ച്ചയാണ് ഖാര്‍ഗെയിലും കാണാനാവുക. ദീര്‍ഘകാലത്തിന്‌ശേഷം കോണ്‍ഗ്രസില്‍ ദലിത് സാന്നിധ്യത്തിന്റെ അതിനായകത്വം സ്വീകരിക്കേണ്ടിവരുന്നത് അടിച്ചമര്‍ത്തപ്പെട്ട, നിത്യവും മോദി സര്‍ക്കാരാല്‍ വേട്ടയാടപ്പെടുന്ന ദലിതുകള്‍ക്ക് തണലാകും. ഭാരതത്തിന്റെ അഖണ്ഡത മോദി സര്‍ക്കാരാല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഉത്തരേന്ത്യ ദക്ഷിണേന്ത്യ എന്നീ നിലയില്‍ ഭിന്നത രൂക്ഷമാക്കുകയാണ് സര്‍ക്കാര്‍. ദക്ഷിണേന്ത്യയില്‍ ഭാഷാപരമായ രാഷ്ട്രീയ വിരോധം പോലും വച്ചുപുലര്‍ത്തുന്നു. വര്‍ത്തമാന ഇന്ത്യ അവഗണിക്കപ്പെടുന്നിടത്തുനിന്ന് പരിചയ സമ്പന്ന സാധാരണ മുഖം ഈ ഘട്ടത്തില്‍ ദേശീയ രാഷ്ട്രീയത്തിന് അനിവാര്യമാണ്. സമ്പന്നമായ വ്യക്തിത്വവും അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ പാരമ്പര്യവുമുള്ള മല്ലികാര്‍ജുന ഖാര്‍ഗെക്ക് ഇന്ത്യയെ വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കാം.

 

Test User: