ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും. ഇന്ന് ഡല്‍ഹിയിലെ താജ്പാലസ് ഹോട്ടലിലാണ് ഇഫ്താര്‍. ബി.ജെ.പി വിരുദ്ധ കക്ഷികളുടെ നേതാക്കളെയെല്ലാം ഇഫ്താറിന് ക്ഷണിച്ചിട്ടുണ്ട്. നേരത്തെ 2015 ലാണ് കോണ്‍ഗ്രസ് അവസാനമായി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള ആദ്യത്തെ ഇഫ്താര്‍ വിരുന്നാണിത്.
അഖിലേഷ് യാദവ്, ശരത് യാദവ്, തേജസ്വി യാദവ്, ചന്ദ്രബാബു നായിഡു, സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെയെല്ലാം ഇഫ്താറിന് ക്ഷണിച്ചിട്ടുണ്ട്. യു.പി.എ ഘടകകക്ഷി നേതാക്കളും അതിഥികളാണ്.
ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിന് വിധേയനായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ വിരുന്നിന് ക്ഷണിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് നിഷേധിച്ചു. പ്രണബിനെ ക്ഷണിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം അധ്യക്ഷന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.