X

കോണ്‍ഗ്രസ് മനുഷ്യരുടെ പാര്‍ട്ടി; മോദിയുടെ വായയടപ്പിച്ച് കോണ്‍ഗ്രസിന്റെ മറുപടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മനുഷ്യരെ പാര്‍ട്ടിയാണെന്നും സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയുള്ള ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് പ്രമോദ് തിവാരി തിരിച്ചടിച്ചു. മുസ്‌ലിം പാര്‍ട്ടി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്.

എല്ലാ മതങ്ങളെയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. വിഭജിച്ചുള്ള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു വിശ്വാസവുമില്ല.വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനാണു ബി.ജെ.പി ശ്രമം. കോണ്‍ഗ്രസ് മുസ്ലിംകളുടേതാണെന്നു പറഞ്ഞ പത്രവാര്‍ത്ത കെട്ടിച്ചമച്ചതാണ്.സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയുള്ള ഒരു പാര്‍ട്ടി കോണ്‍ഗ്രസ്. ഈ രീതി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ളവര്‍ ഇന്നും പിന്തുടരുകയാണ് തിവാരി പറഞ്ഞു.

മോദിയുടെ ആരോപണത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും രംഗത്തെത്തി. മുത്തലാഖിനെപ്പറ്റി യാതൊന്നും അറിയാതെയാണ് മോദി സംസാരിക്കുന്നത്. അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കുന്നതാണു നല്ലത്. മുത്തലാഖിനെപ്പറ്റി മോദിക്ക് അറിയാമെങ്കില്‍ അതിനെ കുറച്ച് സംസാരിക്കുകയാണെങ്കില്‍ ഞങ്ങള്‍ ആ വിഷയത്തില്‍ ഉത്തരം മോദിക്ക് നല്‍കാം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ പാര്‍ട്ടി എന്ന ഒന്നില്ല. മനുഷ്യരാണ് ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളത്. അതിനു ബി.ജെ.പിക്ക് എന്താണു മനുഷ്യത്വമെന്നറിയാമോ? മനുഷ്യരല്ലാത്തവര്‍ക്കൊപ്പമാണ് ബി.ജെ.പി ഏറെ സമയവും ചെലവഴിക്കുന്നത്. ഖുര്‍ഷിദ് തിരിച്ചടിച്ചു.

ഉത്തര്‍പ്രദേശില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് അസംഗഢില്‍ നടന്ന റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദി ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്നു വ്യക്തമാക്കണം. അതോ മുസ്‌ലിം വനിതകള്‍ക്കൊപ്പവുമുണ്ടോ?’ ഇതുപോലെത്തന്നെ പാര്‍ട്ടി തുടരണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആവശ്യമെങ്കില്‍ തനിക്കു പ്രശ്‌നങ്ങളൊന്നുമില്ലയെന്നും മോദി പരിഹസിച്ചു. മുത്തലാഖിനെ കുറ്റകൃത്യമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് തടസ്സപ്പെടുത്തുന്നുവെന്നു പറഞ്ഞായിരുന്നു മോദിയുടെ ഈ പരാമര്‍ശം.

chandrika: