X

ഛത്തീസ്ഘട്ടിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഘട്ടിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 53 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടിയാണ് പ്രഖ്യാപിച്ചത്. നേരത്തെ മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കൊപ്പം ഛത്തീസ്ഘട്ടിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

ഛത്തീസ്ഘട്ടില്‍ 30 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ടോടെ 53 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആകെ 83 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. ആകെ 90 മണ്ഡലങ്ങളാണ് ഛത്തീസ്ഘട്ടിലുള്ളത്. 7 സീറ്റുകളിലേക്ക് കൂടിയാണ് ഇനി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.

ഛത്തീസ്ഘട്ടിന് പുറമെ മധ്യപ്രദേശില്‍ 144 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

5 സംസ്ഥാനങ്ങളിലേക്കും ബി.ജെ.പി ഉള്‍പ്പെടെ വിവിധഘട്ടങ്ങളിലായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍, അതൃപ്തി പാടെ ഒഴിവാക്കി കുറ്റമറ്റ രീതിയില്‍ പട്ടിക തയ്യാറാക്കുന്നതിനാണ് സമയമെടുത്തതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ചിന്ദ്വാരയില്‍നിന്ന് മത്സരിക്കും.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പഠാനില്‍നിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരില്‍നിന്നും മത്സരിക്കും. തെലങ്കാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി കോടങ്കലില്‍ നിന്നായിരിക്കും ജനവിധി തേടുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയില്‍ നടനായ വിക്രം മസ്താലിനെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

ഉത്തം കുമാര്‍ റെഡ്ഡി എം.പി തെലങ്കാനയിലെ ഹുസൂര്‍നഗര്‍ മണ്ഡലത്തില്‍നിന്നും മത്സരിക്കും. രാജസ്ഥാനിലെ ഉള്‍പ്പെടെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസിന് ഇതുവരെ പുറത്തിറക്കാനായിട്ടില്ല. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വൈകാതെ രാജസ്ഥാനിലെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.്‌

webdesk13: