ഷിംല: ഭരണ പരാജയം മറക്കാന്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ഒരു ‘ലാഫിങ് ക്ലബ്ബാ’യി മാറിയിരിക്കുകയാണെന്നായിരുന്നു മോദിയുടെ പരിഹാസം. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കങ്ക്രയില്‍ നടന്ന ബി.ജെ.പി പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ജനങ്ങള്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് അവര്‍ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഒരു ശുചിത്വ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. രാജ്യത്ത് എവിടെയൊക്കെ തെരഞ്ഞെടുപ്പു വരുന്നുണ്ടോ അവിടെയെല്ലാം ഈ പഴയ പാര്‍ട്ടിയെ (കോണ്‍ഗ്രസ്) തുടച്ചുമാറ്റുന്നതിനാണ് ശ്രമമെന്നും മോദി പരിഹസിച്ചു. ഹിമാചലിനെ കവര്‍ച്ചക്കാരില്‍നിന്നു രക്ഷിക്കേണ്ട സമയം എത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞു. ദോക്ലായിലെ അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടിനെയും മോദി വിമര്‍ശിച്ചു. 68 അംഗ ഹിമാചല്‍ നിയമസഭയിലേക്ക് ഈമാസം ഒന്‍പതിനാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍.