പട്‌ന: ധര്‍ഭന്‍ഗയിലെ ജെയ്ല്‍ സീറ്റില്‍ പരൗത്വ നിയമ വിരുദ്ധ പ്രക്ഷോഭകനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. അലീഗഡ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവ് കൂടിയായ മഷ്‌കൂര്‍ അഹ്മദ് ഉസ്മാനിയെ ആണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കുന്നത്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ധര്‍ഭന്‍ഗ സ്വദേശിയായ ഉസ്മാനി പൗരത്വഭേദഗതി നിയമം, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ യുവ നേതാവാണ്. 2017 ഡിസംബറില്‍ അജയ് സിങിനെ 6179 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് ഇദ്ദേഹം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിശിത വിമര്‍ശകനായ ഉസ്മാനി, പൗരത്വ പ്രതിഷേധ നായകരായ സഫൂറ സര്‍ഗറിന്റെയും മീരാന്‍ ഹൈദറിന്റെയും അറസ്റ്റിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. ട്വിറ്റര്‍ ഇദ്ദേഹത്തിന്റെ അക്കൗണ്ട് ഇടക്കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
നിലവില്‍ ബിജെപിയുടെ കൈയിലിരിക്കുന്ന സീറ്റാണ് ജെയ്ല്‍. ജിബേഷ് കുമാര്‍ മിശ്രയാണ് കഴിഞ്ഞ തവണ ഇവിടെ നിന്ന് സഭയിലെത്തിയിരുന്നത്.
ഒക്ടോബര്‍ ഏഴിനാണ് കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. പട്ടികയില്‍ ഏഴ് രജ്പുതുകളും നാല് ഭുമിഹാറുകളും നാലു ദളിതുകളും രണ്ട് ബ്രാഹ്മണരും ഇടംപിടിച്ചു. ആദ്യ പട്ടികയില്‍ ഒരു വനിത മാത്രമേയുള്ളൂ.
ഉസ്മാനിയുടെ സ്ഥാനാര്‍ത്ഥിത്വം മുസ്‌ലിം വോട്ടുബാങ്കിനെ സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്ന പ്രക്ഷോഭങ്ങളില്‍ മുസ്‌ലിംകള്‍ സജീവമായ പങ്കാളിത്തം വഹിച്ചിരുന്നു.