ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിജയം നേടാനായി സഖ്യ തലത്തില്‍ പുതിയ പരീക്ഷണവുമായി കോണ്‍ഗ്രസ് അസമിലും ശ്രമം ആരംഭിച്ചു. ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന അസമിലെ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി (എ.ഐ.യു.ഡി.എഫ്) സഖ്യമുണ്ടാക്കുന്നതിനായാണ് കോണ്‍ഗ്രസ് ശ്രമം തുടങ്ങിയത്. തെരഞ്ഞെടുപ്പിന് മുമ്പോ, തെരഞ്ഞെടുപ്പിന് ശേഷമോ എ.ഐ.യു.ഡി.എഫുമായി സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചന തുടങ്ങിയിട്ടുണ്ട്.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.യു.ഡി.എഫുമായി സഖ്യമുണ്ടാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സാധ്യമായിരുന്നുവെങ്കില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയാന്‍ കഴിയുമായിരുന്നു. എന്നാല്‍ അസമിലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗഗോയി ഇതിന് തടസ്സം നിന്നതാണ് സംഖ്യം ഇല്ലാതാവാന്‍ കാരണം. ബദറുദ്ദീന്‍ അജ്മലുമായി ദീര്‍ഘകാലമായി രാഷ്ട്രീയ ശത്രുത കാത്തു സൂക്ഷിക്കുന്നയാളാണ് ഗഗോയി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും എ.ഐ.യു.ഡി.എഫുമായി സഖ്യം ചേരുന്നതിനോട് ഗഗോയി അനുകൂലമല്ല. ബദറുദ്ദീന്‍ അജ്മലുമായി സഖ്യമുണ്ടാക്കുന്നതോടെ മുസ്്‌ലിം വോട്ടുകളുടെ ഏകീകരണം സാധ്യമാകുമെങ്കിലും ഹിന്ദു വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഏകീകരിക്കുന്നതിന് ഇത് കാരണമാകുമെന്നാണ് ഗഗോയിയുടെ വാദം.
അതേ സമയം ലോക്‌സഭാ സാധ്യതകളെ സജീവമാക്കാന്‍ സഖ്യം സഹായിക്കുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. 14 ലോക്‌സഭാ സീറ്റുകളാണ് അസമിലുള്ളത്.