X

ബി.ജെ.പിക്ക് മാത്രമല്ല, ഞങ്ങള്‍ക്കും രാഷ്ട്രീയം കളിക്കാനറിയാം: ഡി.കെ ശിവകുമാര്‍

ബെംഗളൂരു: ബി.ജെ.പിക്ക് മാത്രമല്ല രാഷ്ട്രീയം ഞങ്ങള്‍ക്കും വഴങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പിയുടെ എല്ലാ തന്ത്രങ്ങളും ചെറുത്തു നിര്‍ത്തിയ നേതാവാണ്് ശിവകുമാര്‍. പണവും മന്ത്രിപദവും വാഗ്ദാനം നല്‍കി കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് നിയമസഭയില്‍ ഭൂരിപക്ഷം ഏതു വിധേനയും നേടിയെടുക്കാം എന്ന യെദ്യൂരപ്പയുടെ മോഹങ്ങള്‍ തല്ലികെടുത്തിയത് ശിവകുമാറിന്റെ സമയോചിത നീക്കങ്ങളായിരുന്നു.

വൃത്തിക്കെട്ട രാഷ്ട്രീയത്തിലൂടെ ഞങ്ങളുടെ രണ്ടു എം.എല്‍.എമാരെ ബി.ജെ.പിക്കാര്‍ അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചുയെന്നത് സത്യമാണ്. വിശ്വാസവോട്ടെടുപ്പിന് മുമ്പ് അവരെ തിരികെ കൊണ്ടുവരാന്‍ ഞങ്ങളും ശ്രമിച്ചു. ഈ വിഷയത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കൊപ്പമായിരുന്നു. നേതാക്കളെ എം.എല്‍.എമാരായി വിജയിപ്പിക്കാന്‍ കഴിയുമെങ്കില്‍ അവരെ സംരക്ഷിക്കാനും ഞങ്ങള്‍ക്കറിയാം. ബി.ജെ.പി രാഷ്ട്രീയം കളിച്ചു അതേ നാണയത്തില്‍ ഞങ്ങള്‍ തിരിച്ചടിച്ചു- എം.എല്‍.എ ഡി.കെ ശിവകുമാര്‍ പറഞ്ഞു.
വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് ഭൂരിപക്ഷം തെളിയിക്കുമെന്നുമുള്ള ബി.ജെ.പിയുടെ അവകാശവാദത്തിനിടയിലും കോണ്‍ഗ്രസ് ക്യാംപിന്റെ ആത്മവിശ്വാസം മുഴുവന്‍ ഡി.കെ ശിവകുമാറിലായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പിയെ അനുവദിക്കാതെ കാത്തുസൂക്ഷിച്ച ഡി.കെ, വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം വിജയിക്കുമെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച എല്ലാ എം.എല്‍.എമാരും ബി.ജെ.പിക്കെതിരെ വോട്ട് രേഖപ്പെടുത്തുമെന്ന് ശിവകുമാര്‍ സഭയിലെത്തുന്നതിനു തൊട്ടുമുമ്പും ഉറപ്പിച്ച് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ക്യാംപില്‍ നിന്ന് വിട്ടുനിന്ന ആനന്ദ് സിങ് സഭയിലെത്തുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം വിധാന സൗധ (നിയമസഭ) യുടെ ഗേറ്റില്‍ കാത്തു നിന്നു. ആനന്ദ് സിങ് സഭയുടെ കവാടത്തിലെത്തിയപ്പോള്‍ നേരിട്ടു ചെന്ന് വിപ്പ് കൈമാറുകയും ചെയ്തു. ആനന്ദ് സിങിനെയും ഭാര്യയെയും ആലിംഗനം ചെയ്ത ഡി.കെ, ബി.ജെ.പിയുടെ കുതിരക്കച്ചവടം വിജയിച്ചില്ലെന്ന് സഭ കൂടുന്നതിനു മുമ്പേ തെളിയിക്കുകയായിരുന്നു.

യെദ്യൂരപ്പയുടെ അവകാശവാദം അംഗീകരിച്ച്് ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഉടന്‍ തന്നെ, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സ്വാധീനിക്കപ്പെടാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ചടുലനീക്കങ്ങള്‍ ആസൂത്രണം ചെയ്യാനും ഡി.കെ ശിവകുമാറായിരുന്നു മുന്നില്‍. എം.എല്‍.എമാരെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കും അവിടെ നിന്ന് ഹൈദരാബാദിലേക്കും മാറ്റാന്‍ നേതൃത്വംനല്‍കിയതും ഡി.കെ തന്നെ. ജെ.ഡി.എസ് നേതൃത്വവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി സഭയിലെ ഭൂരിപക്ഷം ഉറപ്പുവരുത്താനുള്ള ചുമതലയും ശിവകുമാറിനായിരുന്നു.

ഇതാദ്യമായല്ല ഡി.കെ ശിവകുമാര്‍ സമ്മര്‍ദ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ രക്ഷകനാവുന്നത്. 2002-ല്‍ മഹാരാഷ്ട്രയില്‍ വിലാസ്റാവു ദേശ്മുഖ് അവിശ്വാസം നേരിട്ടപ്പോള്‍ മുംബൈയില്‍ നിന്ന് എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരെയും ബെംഗളുരുവിലെത്തിച്ച്് കോണ്‍ഗ്രസ് ക്യാംപ് ഭദ്രമാക്കിയത് അന്ന് ഡി.കെയുടെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ സിദ്ധാരാമയ്യ മന്ത്രിസഭയില്‍ ഊര്‍ജ വകുപ്പ് മന്ത്രിയായിരുന്നു ശിവകുമാര്‍.

chandrika: