ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് പാര്‍ട്ടി വെളിപ്പെടുത്തല്‍. ക്വിറ്റ് സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക് വരുന്നത് സംബന്ധിച്ച് സോണിയാ ഗാന്ധി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ദേശീയ മാധ്യമമായ ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത നിഷേധിച്ചാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയത്.
“മുഴുവന്‍ കെട്ടുകഥയാണ്. അത്തരത്തില്‍ ഒരു ചര്‍ച്ചയും എവിടെയും നടന്നിട്ടില്ല”, പ്രിയങ്കയുടെ പി.എ പി സഹായ് വ്യക്തമാക്കി.
പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി ഉടന്‍ വരില്ലെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു.
പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ ആലോചിക്കുന്നതായാണ് ദേശീയ മാധ്യമമായ ഡി.എന്‍.എ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ പ്രിയങ്കയെ സംബന്ധിച്ച് നിര്‍ദേശം മുന്നോട്ട് വെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശയവിനിമയത്തിനിടെ സോണിയ ഗാന്ധി തന്നെയാണ് പ്രിയങ്കയെ കുറിച്ചുള്ള ചര്‍ച്ച മുന്നോട്ട് വെച്ചതെന്നും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ എന്തുകൊണ്ട് പ്രിയങ്കയെ വര്‍ക്കിങ് പ്രസിഡന്റാക്കിക്കൂടെ, എന്ന് സോണിയ ചോദിച്ചതായും ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തത്.