ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും സാഹചര്യത്തില്‍ രാഹുല്‍ പ്രസിഡണ്ടാവണമെന്ന് പ്രവര്‍ത്തക സമിതി ഐകകണ്‌ഠ്യേനയാണ് ആവശ്യപ്പെട്ടത്.
പ്രസിഡണ്ട് സോണിയ ഗാന്ധിയുടെ അഭാവത്തില്‍ യോഗത്തില്‍ രാഹുല്‍ ഗാന്ധിയാണ് അധ്യക്ഷത വഹിച്ചത്. മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി രാഹുല്‍ പാര്‍ട്ടി പ്രസിഡണ്ടാവണമെന്ന ആവശ്യം ഉന്നയിക്കുകയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അടക്കമുള്ളവര്‍ പിന്താങ്ങുകയുമായിരുന്നു. യോഗതീരുമാനം അറിയിക്കാന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സോണിയ ഗാന്ധിയെ കാണും.
എതിര്‍പ്പുകളെയും ശബ്ദങ്ങളെയും ദേശീയ സുരക്ഷയുടെ പേര് പറഞ്ഞ് ഒതുക്കുയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് യോഗത്തില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധി പറഞ്ഞു. ടെലിവിഷന്‍ ചാനലുകളെ ശിക്ഷിക്കുകയും പ്രക്ഷേപണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു, സര്‍ക്കാറിനെ ചോദ്യം ചെയ്യുമ്പോള്‍ പ്രതിപക്ഷത്തെ അറസ്റ്റ് ചെയ്യുന്നു… – രാഹുല്‍ പറഞ്ഞു.