X

ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം സി.പി.എം ചേരും; സീറ്റുകള്‍ പങ്കിടുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം സി.പി.എം സഖ്യത്തിനെന്ന് റിപ്പോര്‍ട്ട്. ഇരുപാര്‍ട്ടികളും സീറ്റുകള്‍ പങ്കിടാന്‍ തീരുമാനമായി. നേതൃതലത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഇരു കക്ഷികളും ഒന്നിച്ച് നില്‍ക്കാന്‍ ധാരണയായത്. നാളെ ഡല്‍ഹിയില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇതിനെ കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് വിവരം.

സംസ്ഥാന തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ദേശീയ തലത്തില്‍ ബി.ജെ.പിയെയും നേരിടുകയാണ് ലക്ഷ്യം. നിലവില്‍ കോണ്‍ഗ്രസിന് നാല് സീറ്റുകളും സി.പി.എമ്മിന് രണ്ട് സീറ്റുകളുമാണുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും വെച്ച് കണ്ട് ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന ധാരണയിലാണ് ഇരു നേതൃത്വങ്ങളും.

ചൊവ്വാഴ്ച്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ആദ്യം അവര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി നല്‍കിയത്. സഖ്യം തീരുമാനിക്കുന്നതില്‍ തങ്ങളുടെ ബംഗാള്‍ ഘടകങ്ങളുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് ഇരുപാര്‍ട്ടികളും.

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി കോണ്‍ഗ്രസിന്റെ നേതൃയോഗം ഇന്ന് ചേരും. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത പ്രിയങ്ക ഗാന്ധിയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് 4.30ന് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം ചേരുന്നത്.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 295 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസിന് 44സീറ്റും സി.പി.എമ്മിന് 26സീറ്റുകളുമാണ് ലഭിച്ചത്. ഇടതുപക്ഷത്തിന് ആകെ 32 സീറ്റുകളുമായിരുന്നു ലഭിച്ചത്.

chandrika: