കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ധാരണ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നാലില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. കാരഗ്പൂര്‍ സദര്‍, കാളിഗഞ്ച്, കരീംപൂര്‍ എന്നീ മണ്ഡലങ്ങളിലേക്ക് 25ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കരീംപൂരില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം. മറ്റ് രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് പിന്തുണ നല്‍കും. അതേ സമയം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ടി.എം.സി, ബി.ജെ.പി പാര്‍ട്ടികള്‍ക്കെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സോമന്‍ മിത്ര ഇടത് മുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവിനോട് അഭ്യര്‍ത്ഥിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും ഇടത് വൃത്തങ്ങള്‍ അറിയിച്ചു. ഇടത് കോണ്‍ഗ്രസ് ഐക്യം താഴെ തട്ടില്‍ എത്തിക്കുന്നതിനായി സംയുക്ത സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം കാരഗ്പൂര്‍ സദര്‍ സീറ്റില്‍ ടി.എം.സിക്ക് തന്ത്രപരമായ പിന്തുണ നല്‍കി ബി.ജെ. പിയുടെ തോല്‍വി ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മണ്ഡലത്തില്‍ ടി.എം.സി-ബി.ജെ. പി നേര്‍ക്കു നേര്‍ പോരാട്ടമാണ് നടക്കുന്നതെന്നും ഇടത്-കോണ്‍ഗ്രസ് മുന്നണി മത്സരിച്ചാല്‍ അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നുമാണ് ഇവരുടെ വാദം. കരഗ്പൂര്‍ സദറില്‍ നിന്നുള്ള കോണ്‍ഗ്രസ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഗ്യാന്‍ സിങിന്റെ മരണത്തോടെ ഇവിടുത്തെ പാര്‍ട്ടി സംഘടന സംവിധാനം തീര്‍ത്തും ദുര്‍ബലമാണെന്നും ഇവര്‍ പറയുന്നു.
ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ ദിലീപ് ഘോഷ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കരീംപൂരില്‍ സിറ്റിങ് എം.എല്‍. എയായിരുന്ന ടി.എം. സി യിലെ മഹുവ മൊയ്ത്ര ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലും കാളിഗഞ്ചില്‍ കോണ്‍ഗ്രസ് എം.എല്‍.എ പ്രമാഥ നാഥ് റോയി മരണപ്പെട്ടതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് ‘കൈ’ പിടിച്ച് ഇടത് പാര്‍ട്ടികള്‍
Tags: bengal election