ന്യൂഡല്‍ഹി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരലിന് ശ്രമം നടത്തി സിപിഐ. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നിലപാടിനെ ചെറുക്കുകയെന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ സിപിഐ സന്നദ്ധത അറിയിച്ചത്. കൃത്രിമ മാര്‍ഗത്തിലൂടെ ചില സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ചത് അംഗീകരിക്കാനാവില്ലെന്നും അതിനാല്‍ ദേശീയ മതേതര ബദല്‍ രൂപവല്‍ക്കരിക്കുന്നതിന് കോണ്‍ഗ്രസുമായി സഖ്യമാകാമെന്നും ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സഖ്യശ്രമത്തിന് ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചതായാണ് വിവരം. ബിജെപിയെ പ്രതിരോധിക്കുന്നതിന് വിശാല രാഷ്ട്രീയ സഖ്യം അനിവാര്യമാണെന്നാണ് പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവിന്റെ വിലയിരുത്തല്‍. അതേസമയം സാമ്പത്തിക നയങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ചെറിയ മാറ്റമുണ്ടാകണമെന്നാണ് സിപിഐയുടെ ആവശ്യം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും സമ്മതനായ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് പ്രാഥമികമായി ആലോചിക്കുന്നതെന്നാണ് വിവരം.