X

ബിജെപി ഉവൈസിയെ ബി ടീമാക്കി ഉപയോഗിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തില്‍ മഹാസഖ്യം തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ്. പ്രാദേശിക വിഷയങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്തത് എന്നും മാറ്റം അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നും കോണ്‍ഗ്രസ് വക്താവ് പ്രണവ് ഝാ പറഞ്ഞു.

‘നിതീഷ് കുമാറിനെ നാണം കെടുത്താന്‍ ചിരാഗ് പാസ്വാനെ ഉപയോഗിക്കുകയായിരുന്നു ബിജെപി. ജെഡിയുവിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരുപകരണം ആയാണ് ചിരാഗിനെ ഉപയോഗിച്ചത്. ബിജെപിയുടെ ഈ തന്ത്രം തിരിച്ചറിയാന്‍ ചിരാഗിനെ പോലുള്ള ഒരു യുവ നേതാവിന് കഴിഞ്ഞില്ല. മഹാഗട്ബന്ധന്റെ വോട്ടു കുറയ്ക്കാന്‍ ഉവൈസിയെയും ബിജെപി ബി ടീമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കും. ജനവിധിക്കു ശേഷമുള്ള സഖ്യത്തിന്റെ ആവശ്യമില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 124 സീറ്റില്‍ എന്‍ഡിഎ മുമ്പിലാണ്. 105 സീറ്റാണ് മഹാസഖ്യത്തിനുള്ളത്. 2015ല്‍ 125 സീറ്റിലാണ് എന്‍ഡിഎ ജയിച്ചിരുന്നത്. 110 സീറ്റില്‍ മഹാസഖ്യവും. ആര്‍ജെഡിയും ബിജെപിയും 69 സീറ്റില്‍ ലീഡ് ചെയ്യുന്നു. ജെഡിയു 49 ഇടത്തും കോണ്‍ഗ്രസ് 24 ഇടത്തും. ഏഴു സീറ്റില്‍ എല്‍ജെപി മുമ്പില്‍ നില്‍്ക്കുന്നു.

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവ് ഹാസന്‍പൂര്‍ മണ്ഡലത്തില്‍ പിന്നിലാണ് നാലായിരം വോട്ടുകളാണ് തേജ് പ്രതാപിന് കിട്ടിയിട്ടുള്ളത്. ജെഡിയുവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് 5600 വോട്ടുകളാണ് പത്തര വരെ ലഭിച്ചിട്ടുള്ളത്.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും സഹോദരനുമായ തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്‍ ലീഡ് ചെയ്യുകയാണ്. ആയിരത്തോളം വോട്ടുകള്‍ക്കാണ് തേജസ്വി മുമ്പില്‍ നില്‍ക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ വ്യക്തമായ മേധാവിത്വമാണ് തേജസ്വി പുലര്‍ത്തുന്നത്. ബിജെപിയുടെ സതീഷ് കുമാറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

അതിനിടെ, രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ച് ആദ്യ ഫലസൂചനകള്‍ പുറത്തുവന്ന വേളയില്‍ തന്നെ ഭരണകക്ഷിയായ ജെഡിയു തോല്‍വി സമ്മതിച്ചു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, കോവിഡാണ് തങ്ങളെ തോല്‍പ്പിച്ചത് എന്നും പാര്‍ട്ടി വക്താവ് കെ.സി ത്യാഗി പറഞ്ഞു.

Test User: