ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് നാക്കുപിഴ വിനയായി. സിദ്ധരാമയ്യയെ വിമര്‍ശിക്കാന്‍ നടത്തിയ പരാമര്‍ശം നാക്കുപിഴച്ച് യെദിയൂരപ്പയില്‍ പതിക്കുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ യെദിയൂരപ്പയുടേതാണെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. സിദ്ധരാമയ്യയുടേതാണെന്നതിന് പകരം യെദിയൂരപ്പയുടേതാണ് എന്ന് മാറിപ്പോവുകയായിരുന്നു.
അമിത് ഷായുടെ നാക്കുപിഴ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബി.ജെ.പിയുടെ ഐ.ടി സെല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഇനി ഞങ്ങളുടെ അതീവരഹസ്യമായ പ്രചാരണ വീഡിയോ കാണാം എന്നു പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമിത് ഷായുടെ വീഡിയോ ട്വീറ്റ് ചെയ്തു
കളവുകളുടെ ഷാ ആയ അമിത് ഷാ ഒടുവില്‍ സത്യം പറഞ്ഞിരിക്കുന്നു എന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. സത്യം പറഞ്ഞതിന് അമിത് ഷാക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യത്തെ തവണയല്ല അമിത് ഷാക്ക് യെദിയൂരപ്പയേയും സിദ്ധരാമയ്യയേയും മാറിപ്പോകുന്നതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയും ട്വീറ്റ് ചെയ്തു.
അധികാരത്തിലിരുന്നപ്പോള്‍ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള ആളാണ് യെദിയൂരപ്പ. 2011 ആഗസ്റ്റില്‍ അഴിമതിയാരോപണത്തെ തുടര്‍ന്ന് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. കര്‍ണാടകയില്‍ ഇരുമ്പ് അയിര് ഖനന കുംഭകോണത്തിലെ മുഖ്യപ്രതികൂടിയാണ് യെദിയൂരപ്പ. ഈ സാഹചര്യത്തില്‍ അമിത് ഷാക്ക് സംഭവിച്ചത് നാക്കുപിഴയാണെങ്കിലും അതിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.