ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണ കക്ഷിയേയും പ്രതിപക്ഷ കക്ഷികളേയും ഒരുപോലെ വെ്ട്ടിലാക്കി കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. നവംബര്‍ മൂന്നിന് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്‌സഭാ സീറ്റുകളിലേക്കും ജമാഖണ്ഡി, രാമനഗര എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണു തെരഞ്ഞെടുപ്പു നടക്കുക. ശനിയാഴ്ചയാണു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
അടുത്ത വര്‍ഷം ഈ സീറ്റുകളിലേക്കു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്നായിരുന്നു ജെഡിഎസ്, കോണ്‍ഗ്രസ് കക്ഷികളുടെ പ്രതീക്ഷ. എന്നാല്‍ ഇതിനിടെയാണ് ഭരണ പ്രതിപക്ഷ കക്ഷികളെ സംഘര്‍ഷത്തിലാക്കി ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചത്.
നേരിയ സീറ്റുകളുടെ ബലത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം ഭരണം നടത്തുന്ന കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ നിലനില്‍പ് ഭീഷണി കൂടി നേരിടുകയാണ്.
വെറും നാലുമാസക്കാലത്തേക്കു വേണ്ടി മാത്രം ലോക്‌സഭയില്‍ ഉപതെരഞ്ഞെടുപ്പു നടത്തുന്നതിലെ ആശങ്കയാണ് പാര്‍ട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇത്രയും ചെറിയ കാലയളവിലേക്കു മല്‍സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നു നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ജയിച്ചാല്‍ തന്നെ ആറു മാസത്തില്‍ താഴെ മാത്രം പദവി ലഭിക്കുന്നതിനാല്‍ നേതാക്കളൊന്നും ഉപതെരഞ്ഞെടുപ്പിനോടു താല്‍പര്യം കാണിക്കുന്നില്ല.
ഇതിനിടെ രണ്ടു ലോക്‌സഭാ സീറ്റുകള്‍ കൈവശമുള്ള ബിജെപി ഷിമോഗയിലേക്കു തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. യെദ്യൂരപ്പയുടെ മകനും മുന്‍ എംപിയുമായ ബി.വൈ. രാഘവേന്ദ്രയാണു ബിജെപിയുടെ സ്ഥാനാര്‍ഥി. ബെല്ലാരിയിലേക്ക് ഒരാളെ കണ്ടെത്തുന്നതിനു ബിജെപി ബി. ശ്രീരാമുലുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ബി.ജെ.പിയുടെ ബി.എസ്. യെദ്യൂയൂരപ്പ, ബി. ശ്രീമലുരു, സി.എസ്. പുട്ടരാജു എന്നിവര്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ ലോക്‌സഭാംഗത്വം രാജിവെക്കുകയായിരുന്നു. ഇതോടെയാണ് ലോക്‌സഭാ സീറ്റുകള്‍ ഒഴിവു വന്നത്. കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മരണം, രാമനഗര മണ്ഡലത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ രാജി എന്നിവ മൂലം നിയമസഭാ സീറ്റുകളിലും ഒഴിവുവന്നു. രണ്ടു സീറ്റുകളില്‍ വിജയിച്ച കുമാരസ്വാമി രാമനഗരയുടെ പ്രാതിനിധ്യം രാജിവയ്ക്കുകയായിരുന്നു.