X

സര്‍ജിക്കല്‍ സ്‌ട്രൈക്: കോണ്‍ഗ്രസ്-ബി.ജെ.പി വാക് പോര് മുറുകുന്നു

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തെ ചൊല്ലി പാര്‍ട്ടികള്‍ തമ്മിലുള്ള വാക് പോരും കൊഴുക്കുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരെ വിമര്‍ശനമുന്നയിച്ച ബി. ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരുടെ രക്തം കൊണ്ട് വ്യാപാരം നടത്തുന്നുവെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയായിരുന്നു അമിത് ഷായുടെ വിമര്‍ശം. എന്നാല്‍ രാഹുല്‍ പറഞ്ഞത് എന്താണെന്ന് അദ്ദേഹത്തിന് അറിയാമെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ഇത് മനസിലായിട്ടുണ്ടെന്നും സിബല്‍ വ്യക്തമാക്കി. പാകിസ്താനോടൊപ്പമാണ് കോണ്‍ഗ്രസിന്റെ കളിയെന്ന ഷായുടെ ആരോപണത്തിന് നിശിത വിമര്‍ശമാണ് സിബല്‍ ഉന്നയിച്ചത്.
കൊലപാതക കേസുകളിലടക്കം ആരോപണ വിധേയരായി ജയിലില്‍ കിടന്നവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അടിത്തറ മോശമാണെന്നും രാഹുല്‍ ഗാന്ധിയുടെ വിധേയത്വം ആരോടാണെന്നും ചോദിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന അമിത് ഷാ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ദേശീയതയെ ചോദ്യം ചെയ്യുന്നത് അത്യന്തം അപലപനീയമാണെന്നും രാഷ്ട്രീയത്തില്‍ ചെളിവാരി എറിയല്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പ്രധാനമന്ത്രി മോദി അമിത് ഷാക്ക് മനസിലാക്കി കൊടുക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്നവര്‍ക്ക് തെറ്റു പറ്റിയെന്നു പറയുന്ന ബി.ജെ.പിയുടെ അധ്യക്ഷന്‍ ഇത്രയും തരം താണ് സംസാരിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നും നിരവധി കേസുകളില്‍ ആരോപണ വിധേയരായവര്‍ ഇപ്പോള്‍ ക്ലാസുകള്‍ എടുക്കുകയാണെന്നും സിബല്‍ പരിഹസിച്ചു. സൈന്യത്തിന്റെ വിജയത്തില്‍ രാഷ്ട്രീയം കാണുന്നത് ബി.ജെ.പി നിര്‍ത്തണമെന്നും സൈന്യം അവരുടെ ജോലി നിര്‍വഹിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് സൈന്യം നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തുന്നതെന്ന ബി.ജെ.പി അധ്യക്ഷന്റെ അവകാശ വാദം ചരിത്രം അറിയാത്തതിനാലാണെന്നും സിബല്‍ പറഞ്ഞു. 1965, 1971, കാര്‍ഗില്‍ യുദ്ധ വേളകളിലും സൈന്യം അതിര്‍ത്തി കടന്ന് പാകിസ്താനില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നും സിബല്‍ പറഞ്ഞു.
സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയതില്‍ ബി.ജെ.പി രാജ്യത്തോട് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ ജനനത്തിന് കാരണം ബി.ജെ.പിയാണെന്നും സിബല്‍ ആരോപിച്ചു. മുന്‍ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്താണ് ജയിലില്‍ കിടന്നിരുന്ന മൗലാന മസ്ഊദ് അസ്ഹറിനെ മോചിപ്പിച്ചതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

chandrika: