ന്യൂഡല്‍ഹി: അമേരിക്കന്‍ റേറ്റിങ് ഏജന്‍സിയായ മൂഡീസിന്റെ റേറ്റിങ് ഇന്ത്യക്ക് ലഭിച്ച ആഗോള അംഗീകാരമാണെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. രാജ്യത്തിന്റെ അവസ്ഥ മനസിലാക്കുന്നതില്‍ റേറ്റിങ് ഏജന്‍സിയായ മൂഡീസ് ദയനീയമായി പരാജയപ്പെട്ടതായും നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കാനായി കച്ചിത്തുരുമ്പ് തേടുകയാണ് ബി.ജെ.പിയെന്നും കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ദയനീയമായി തകര്‍ത്ത ശേഷം മോദി സര്‍ക്കാര്‍ വിദേശ ഏജന്‍സിയുടേ റേറ്റിങിനെ പിന്‍പറ്റി കച്ചിത്തുരുമ്പ് തേടുകയാണ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. മോദിയും മൂഡീസും രണ്ടും രാജ്യത്തെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. പട്ടിണി, മരണം, തൊഴില്‍ നഷ്ടം, പണപ്പെരുപ്പം, ജി.എസ്.ടിയിലെ അപാകത, നോട്ട് അസാധുവാക്കല്‍ ദുരന്തം, വളര്‍ച്ച മുരടിപ്പ് ഇതെല്ലാം മനസിലാക്കുന്നതില്‍ രണ്ടും സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക തകര്‍ച്ചക്കു മുമ്പ് തന്നെ റേറ്റിങില്‍ എസ് ആന്റ് പി, മൂഡീസ് എന്നിവര്‍ക്ക് തെറ്റിയിട്ടുണ്ടെന്ന കാര്യം ധനമന്ത്രി ഓര്‍ക്കുന്നത് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായികളുടേയും വ്യാപാരികളുടേയും വാക്കുകള്‍ക്ക് കൂടി ചെവികൊടുക്കുക.
ഡല്‍ഹി, മുംബൈ എന്നിവിടങ്ങളെ മാത്രം പരിഗണിച്ച് ലോക ബാങ്ക് തയാറാക്കുന്ന റിപ്പോര്‍ട്ടുകളും 2464 പേരില്‍ നിന്നും സാംപിള്‍ എടുത്ത് പ്യൂ ഏജന്‍സിയുടെ സര്‍വേയും കാണിച്ചാണ് വന്‍വിജയമെന്ന് അവകാശപ്പെടുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ അവകാശവാദങ്ങള്‍ കണ്ടാല്‍ അടുത്ത തെരഞ്ഞെടുപ്പ് മോദി വിദേശത്തു നിന്നായിരിക്കും നേരിടുകയെന്ന് തോന്നുന്നതായും അദ്ദേഹം പരിഹസിച്ചു.