ന്യൂഡല്‍ഹി: പാര്‍ട്ടിക്ക് പുതിയ ഊര്‍ജം കൈവരുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ അഴിച്ചുപണി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വങ്ങള്‍ അഴിച്ചു പണിയും. വിയോജിപ്പു പ്രകടിപ്പിച്ച നേതാക്കളുമായുള്ള ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അഴിച്ചുപണി.
ഹൈദരാബാദ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിസിസി അധ്യക്ഷ്യന്‍ ഉത്തംകുമാര്‍ റെഡ്ഢി രാജിവച്ചിരുന്നു. ഗുജറാത്ത് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പിസിസി അധ്യക്ഷന്‍ അമിത് ചാവ്ദയും രാജിക്കത്തു നല്‍കിയിരുന്നു.
മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പാര്‍ട്ടി അധ്യക്ഷപദവും സഭയിലെ പാര്‍ട്ടി നേതൃസ്ഥാനവും വഹിക്കുന്നുണ്ട്. ഇതില്‍ ഒരു പദവിയിലേക്ക് പുതിയ നേതാവ് വരുമെന്നാണ് സൂചന. അന്തരിച്ച അഹമ്മദ് പട്ടേലിന്‍റെ സ്ഥാനത്തേക്ക് കമല്‍നാഥിന്‍റെ പരിചയ സമ്പത്ത് ഉപയോഗിക്കാന്‍ സോണിയ ആലോചിക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേതൃത്വത്തിനെതിരെ കത്തെഴുതിയ 23 നേതാക്കളുമായി ആശയവിനിമയം നടത്തിയത് കമല്‍നാഥ് ആയിരുന്നു.
ശനിയാഴ്ച മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലസാഹെബ് തോറതിനെ പാര്‍ട്ടി നിയമിച്ചിരുന്നു. മഹാരാഷ്ട്ര കോണ്‍ഗ്രസ് ലജിസ്ലേറ്റീവ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയാണ് തോറത്.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, അസം എന്നിവിടങ്ങളിലേക്ക് പുതിയ സെക്രട്ടറിമാരെയും സോണിയ നിയമിച്ചിട്ടുണ്ട്. താരിഖ് അന്‍വര്‍ ആണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. അസമിലേക്ക് ജിതേന്ദ്ര സിങും.
ഏതു റോളും ഏറ്റെടുക്കാന്‍ സന്നദ്ധമെന്ന് രാഹുല്‍
അതിനിടെ, പാര്‍ട്ടിയും നേതാക്കളും ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ സന്നദ്ധമാണ് എന്ന് രാഹുല്‍ഗാന്ധി. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. കൈയടികളോടെയാണ് നേതാക്കള്‍ രാഹുലിന്റെ പ്രസ്താവനയെ സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ രാഹുല്‍ വിമുഖത കാണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഒരു വ്യക്തിക്ക് മാത്രം കോണ്‍ഗ്രസിന്റെ വിധിയെ മാറ്റാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു. മധ്യപ്രദേശിലെ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെയും തമിഴ്നാട്ടിലെ പാര്‍ട്ടിക്കെതിരെയും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. പഴയവരും പുതിയവരും എന്ന തരത്തലുള്ള ആഖ്യാനങ്ങളെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.