X

ധാതുഖനന പാട്ടത്തില്‍ തിരിമറി; മോദി സര്‍ക്കാരിനെതിരെ വമ്പന്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടി നല്‍കിയതിലൂടെ പൊതുഖജനാവിന് മോദി സര്‍ക്കാര്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ചട്ടംലംഘിച്ച് ധാതുഖനനത്തില്‍ തിരിമറി നടത്തിയതിലൂടെ നാലു ലക്ഷം കോടിയുടെ അഴിമതിയാണ നടന്നിരിക്കുന്നതെന്നും. സംഭവത്തില്‍ സിഎജി അന്വേഷണം വേണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.

50 വര്‍ഷത്തേക്ക് ലേലം നടത്താതെയാണ് രാജ്യത്തെ ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയത്. ഇതിലൂടെ കോടികളുടെ അഴിമതി നടത്താനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 358 ഖനികളുടെ ഉടമസ്ഥരില്‍ നിന്ന് സര്‍ക്കാര്‍ കൈപ്പറ്റിയ സംഭാവനയുടെ കണക്ക് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം കാലാവധി നീട്ടി നല്‍കിയതില്‍ നേരത്തെ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ ഇതുവരെ വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കിട്ടില്ല. ഇത് ആരോപണം ശരിവെക്കുന്നതാണെന്ന സൂചനയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്. പൊതു ഖജനാവിന് ഉണ്ടായ നഷ്ടത്തെക്കുറിച്ച് സംസാരിക്കാന്‍ സി.എ.ജി എന്തുകൊണ്ട് മടിക്കുന്നുവെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. 358 ധാതുഖനികളുടെ പാട്ടക്കാലവധിയാണ് സര്‍ക്കാര്‍ നീട്ടി നല്‍കിയത്. 288 കമ്പനികളുടെ കാലാവധിയുടെ കാര്യത്തില്‍ കൂടി സര്‍ക്കാര്‍ തീരുമാനം വരാനുണ്ട്. ഇതിനു മുന്നോടിയായാണ് അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

chandrika: