X

തെലങ്കാനയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങി പ്രമുഖര്‍ പട്ടികയില്‍

വരാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. ജൂബിലി ഹില്‍സ് അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് അസറുദ്ദീന്‍ മത്സരിക്കുക.

കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയി ഒരു വർഷത്തിനകം കോൺഗ്രസിൽ തിരികെയെത്തിയ കൊമ്മട്ടി റെഡ്ഢി രാജഗോപാൽ റെഡ്ഢി മുനുഗോഡെയിൽ നിന്നും മത്സരിക്കും. ഖൈരതാബാദിൽ പി വിജയ റെഡ്ഢി, വാനപർതിയിൽ ജി ചിന്ന റെഡ്ഢി, സെക്കാന്തരാബാദ് കന്റോൺമെന്റിൽ നിന്ന്  കവി ഗദ്ദറിന്റെ മകൾ ജി വി വെണ്ണിലായും മത്സരിക്കും.

കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിര്‍ണായക യോഗത്തില്‍ പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും തെലങ്കാനയില്‍ നിന്നുള്ള മറ്റ് നേതാക്കളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമായത്. ഇനി 19 മണ്ഡലങ്ങളിലേക്കുള്ള പട്ടിക കൂടി പ്രഖ്യാപിക്കാനുണ്ട്.

തെലങ്കാനയിലെ സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ഓഫീസില്‍ നടന്നതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ സോണിയ ഗാന്ധി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുള്‍പ്പെടെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഒക്ടോബര്‍ 15 നാണ് കോണ്‍ഗ്രസ് 55 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചത്.

webdesk13: