X

മഹാരാഷ്ട്രയില്‍ ഒരുങ്ങി കോണ്‍ഗ്രസ്-എന്‍.സിപി സഖ്യം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍. സി.പി-കോണ്‍ഗ്രസ് സഖ്യവും ശിവസേനയും ബി.ജെ. പിയും നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും തമ്മിലാണ് പ്രധാന മത്സരം. പൂര്‍വ്വാധികം കെട്ടുറപ്പോടെയാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പ് യുദ്ധത്തിനുള്ള സജ്ജീകരണങ്ങളെല്ലാം അവര്‍ നടത്തിക്കഴിഞ്ഞു. സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരിക്കുന്നു. ആകെയുള്ള 288 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസും എന്‍.സി.പിയും 288 സീറ്റുകളില്‍ വീതം മത്സരിക്കും. ബാക്കി 38 സീറ്റുകള്‍ ചെറു പാര്‍ട്ടികള്‍ക്ക് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ശിവസേന-ബി.ജെ.പി സഖ്യത്തില്‍ അസ്വാരസ്യം പുകയുകയാണ്. ബി.ജെ.പിയുടെയും ശിവസേനയുടെയും തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുപാര്‍ട്ടികള്‍ക്കിടയിലെ സീറ്റ് വിഭജനം ഇനിയും പൂര്‍ത്തിയായിട്ടില്ല. അവസാന ഘട്ടത്തില്‍ രണ്ടുപേര്‍ക്കും വേറിട്ട് മത്സരിക്കേണ്ടിവരുമോ എന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികളെല്ലാം സഖ്യമില്ലാതെയാണ് മത്സരിച്ചിരുന്നതെന്നത്. 260 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിക്ക് 122 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 282 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ശിവസേനക്ക് 63 പേരെ മാത്രമേ വിജയിപ്പിക്കാനായുള്ളൂ. കോണ്‍ഗ്രസിനും എന്‍.സി.സിപിക്കും 42 സീറ്റുകള്‍ വീതമാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി ബി.ജെ.പിയും ശിവസേനയും കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പാഠം ഉള്‍ക്കൊണ്ടാണ് ഭരണപക്ഷവും പ്രതിപക്ഷവും ഇത്തവണ മുന്നണികളായി മത്സരിക്കാന്‍ തീരുമാനിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും അവര്‍ സഖ്യമുണ്ടാക്കിയിരുന്നു. ആകെയുള്ള 48 ലോക്‌സഭാ സീറ്റില്‍ ബി.ജെ.പി-ശിവസേന സഖ്യം 41 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ്-എന്‍.സി.പി മുന്നണിക്ക് അഞ്ച് സീറ്റുകളേ ലഭിച്ചുള്ളൂ. ഇത്തവണ ബി.ജെ.പിക്കും ശിവസേനക്കുമിടയില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന മേധാവി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച പാര്‍ട്ടിയെന്ന നിലയ്ക്ക് തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വേണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. പക്ഷെ, ശിവസേന അത് അംഗീകരിക്കാന്‍ തയാറായിട്ടില്ല.

തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പെടെ നീറുന്ന പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ആയുധമാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സാമ്പത്തിക പ്രതിസന്ധി വലിയ ചര്‍ച്ചയാകും. അതിദേശീയത ഉയര്‍ത്തിപ്പിടിച്ചായിരിക്കും ഇത്തണവയും ബി.ജെ.പി വോട്ട് ചോദിക്കുക.
ബി.ജെ.പിയുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ കശ്മീരും മറ്റ് വൈകാരിക പ്രശ്‌നങ്ങളുമാണ് ഉയര്‍ത്തിക്കാട്ടിയത്. പ്രകാശ് അംബേദ്കറുടെ വി.ബി.എ പാര്‍ട്ടിയും ബി.ജെ.പി-ശിവസേന സഖ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ബി.ജെ.പി-ശിവസേന സഖ്യത്തില്‍നിന്ന് ദളിത് വോട്ടുകള്‍ അടര്‍ത്തിമാറ്റാന്‍ വി.ബി. എക്ക് സാധിച്ചേക്കും.

Test User: