X

കോണ്‍ഗ്രസ് സഖ്യം; വ്യക്തതയില്ലാതെ സി.പി.എം

CPIM FLAG

അഞ്ച് ദിവസമായി കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നത് കോണ്‍ഗ്രസുമായി സ്വീകരിക്കേണ്ട രാഷ്ട്രീയ നയത്തില്‍ വ്യക്തതയില്ലാതെ. കേരള ഘടകത്തിന്റെ കരട് നയഭേദഗതിയെ പശ്ചിമബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ എതിര്‍ത്തതിനെ തുടര്‍ന്നാണ് രാഷ്ട്രീയ നയരൂപീകരണത്തില്‍ വ്യക്തതയില്ലാതെയാണ് പിരിഞ്ഞത്. പ്രാദേശിക തലത്തില്‍ മതേതര, ജനാധിപത്യ കക്ഷികളുമായി സഖ്യമുണ്ടാക്കാനും ഭാവിനയങ്ങള്‍ പിബി, കേന്ദ്ര കമ്മിറ്റികള്‍ ചേര്‍ന്ന് രൂപീകരിക്കാനും ധാരണയായെന്നാണ് വിവരം.

സമ്മേളനത്തിന് ശേഷവും പിബിക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് തര്‍ക്കം തുടരുമെന്ന കാര്യം ഇതോടെ വ്യക്തമായി. ബിജെപിക്കെതിരെ ശക്തമായി യെച്ചൂരി ആഞ്ഞടിച്ചപ്പോള്‍ കോണ്‍ഗ്രസിനോട് മൃദുസമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് ഇതര മുന്നണികളുമായി സഖ്യമെന്നതാണ് കേരള ഘടകം മുന്നോട്ട് വെച്ചത്. എന്നാല്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള രാഷ്ട്രീയ ലൈന്‍ പാര്‍ട്ടിക്ക് ക്ഷീണമായിരിക്കുമെന്ന് ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വ്യക്തമാക്കി. ഈ സമീപനത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പ്രസംഗത്തില്‍ സ്വീകരിച്ചത്.

ദേശീയ തലത്തില്‍ തമിഴ്‌നാട് മാതൃകയിലുള്ള രാഷ്ട്രീയ സഖ്യം വേണമെന്ന യെച്ചൂരിയുടെ ലൈനിനെ അനുകൂലിക്കാന്‍ പിബി അംഗം പ്രകാശ്കാരാട്ട് തയ്യാറാവാത്തതും ശ്രദ്ധേയമാണ്. കേരള ഘടകത്തോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് കാരാട്ട് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം സ്വീകരിക്കുന്ന കാരാട്ട് എന്നും കേരളത്തിന്റെ താല്‍പര്യത്തോടൊപ്പമാണ് നിലകൊള്ളുന്നത്. 2024ല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് നയങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കേണ്ടതില്ലെന്നും അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മതിയെന്നും പലപ്രതിനിധികളും വാദിച്ചു. ഈ സമീപനത്തോട് തത്വത്തില്‍ യോജിക്കുകയായിരുന്നു കേന്ദ്ര നേതൃത്വം.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്നലെ ഉച്ചയോടെ സംഘടനാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. പിബിയില്‍ ഇടം പിടിക്കുമെന്ന് കരുതിയ എ. കെ ബാലനും കെ രാധാകൃഷ്ണനും അവസാന നിമിഷം പുറത്തായി. വിജയരാഘവന് മാത്രമാണ് നറുക്കുവീണത്. 85 അംഗ കേന്ദ്രകമ്മിറ്റിയില്‍ 84 പേരെയാണ് തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് പി രാജീവ്, ബാലഗോപാല്‍, സിഎസ് സുജാത, പി സതീദേവി എന്നിവര്‍ ഇടം പിടിച്ചു.

Test User: