കൊല്‍ക്കത്ത: രാജ്യത്ത് വോട്ടിങ് മെഷീന്‍ നിര്‍ത്തലാക്കി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ മഹാറാലിയില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിയാണ് ഈ ആവശ്യമുന്നയിച്ചത്. നമുക്ക് വളരെ കുറച്ച് സമയമേ ഉള്ളൂ. ഇന്ത്യക്ക് എന്ത് കൊണ്ട് പേപ്പര്‍ ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങിക്കൂടാ? ജര്‍മ്മനിയും നെതര്‍ലാന്‍ഡ്‌സും പോലെയുള്ള രാജ്യങ്ങള്‍ ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ സംവിധാനം ഉപേക്ഷിച്ചു. ഇലക്ടോണിക് വോട്ടിംഗ് മെഷീനകത്ത് നമുക്കും വേണം പേപ്പര്‍ രസീത്-സിങ്‌വി പറഞ്ഞു.
22 പാര്‍ട്ടികളാണ് മമതാ ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു. ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച പ്രധാനമന്ത്രി രാജ്യത്തുണ്ടായിരുന്ന തൊഴിലവസരങ്ങള്‍ കൂടി ഇല്ലാതാക്കിയെന്ന് ഖാര്‍ഗെ പറഞ്ഞു. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനായി ഒരുമിച്ച് നില്‍ക്കാമെന്നും ഒരുമിച്ച് നടക്കാമെന്നും ഖാര്‍ഗെ പറഞ്ഞു.