X

രാഷ്ട്രപതി ഭരണം; ബി.ജെ.പി ആവശ്യം വങ്കത്തരമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബി.ജെ.പി ആവശ്യത്തെനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ആവശ്യം വങ്കത്തരമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. ഇതിനോട് യോജിക്കാനാവില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

അക്രമത്തിലൂടെയല്ല ശബരിമല വിഷയത്തിന് പരിഹാരമുണ്ടാകേണ്ടത്. അക്രമസമരങ്ങളോട് കേരള സമൂഹത്തിന്റെ പിന്തുണയില്ല. ശബരിമല വിഷയത്തിന് ആത്യന്തികമായി പരിഹാരം ഉണ്ടാകണമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യത്തെ പറ്റി ബി.ജെ.പി ഒരക്ഷരം മിണ്ടുന്നില്ല. സംസ്ഥാനത്ത് ആക്രമണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ പിണറായി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ സി.പി.എം അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഝാര്‍ഖണ്ഡില്‍നിന്നുള്ള അംഗം നിഷികാന്ത് ദുബൈയാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിനെതിരെ സി.പി.എം എംപിമാര്‍ രംഗത്തുവന്നു. എം.പിമാര്‍ സഭയില്‍ പ്രതിഷേധിക്കുകയും ചെയ്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ഇടത് എം.പിമാരുടെ പ്രതിഷേധം.

ശബരിമല യുവതീപ്രവേശനത്തെത്തുടര്‍ന്ന് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ ബി.ജെ.പി എം.പിമാര്‍ രാവിലെ പ്രതിഷേധിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുമ്പ് രാവിലെ 10 മണിയോടെ ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു നൂറോളം ബി.ജെ.പി എം.പിമാരുടെ പ്രതിഷേധം. കേന്ദ്രമന്ത്രിമാരും പ്രതിഷേധത്തിനെത്തിയിരുന്നു.

chandrika: