ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കര്‍ണാടകത്തില്‍ ഭരണം അട്ടിമറിച്ച് ഗവര്‍ണര്‍ ഭരണം കൊണ്ടുവരാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് ഓപ്പറേഷന്‍ താമര നടക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പക്ഷത്തു നിന്ന് ഒരാള്‍ അങ്ങോട്ടു പോയാല്‍ ബിജെപിയില്‍ നിന്ന് പത്തു പേര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചിലരെ പ്രലോഭിപ്പിച്ചും മറ്റു ചിലരെ പണം കൊടുത്തും ചിലരെ അധികാരമുപയോഗിച്ചും മറ്റു ചിലരെ ഭീഷണിപ്പെടുത്തിയുമാണ് ബിജെപി തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇത് ബിജെപിയുടെ പതിവ് രീതിയാണ്. ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.
പിന്തുണ നല്‍കുന്നതിന് ഇന്നലെ ഒരു കോണ്‍ഗ്രസ് എം.എല്‍.എക്ക് ബിജെപി സമ്മാനം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കോണ്‍ഗ്രസ് എം.എല്‍.എക്ക് സന്ദേശം ലഭിച്ചത്. എവിടേക്കാണ് സമ്മാനം കൊടുത്തയക്കേണ്ടതെന്നായിരുന്നു ഫോണിലൂടെ ചോദിച്ചത്. ബിജെപി നേതൃത്വവും ബി.എസ് യെദ്യൂരപ്പയുമാണ് ഈ നീക്കങ്ങള്‍ക്കു പിന്നില്ലെന്ന് കുമാരസ്വാമി പറഞ്ഞു.