X

സര്‍വെയിലുള്ളത് കെട്ടിച്ചമച്ച ചോദ്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് മോദി പുറത്തുവിട്ട സര്‍വെ ഫലത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കെട്ടിച്ചമച്ച ചോദ്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളുമാണ് സര്‍വെ ഫലം വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്വയം പടച്ചുണ്ടാക്കിയ സര്‍വെയുമായി മോദി സര്‍ക്കാര്‍ വീണ്ടും മുന്നിലെത്തിയിരിക്കുന്നു, മോദി ഭക്തരാണ് ഇതിന് പിന്നില്‍, ഇത്തരം ജാലവിദ്യയുമായി ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെ വാല പറഞ്ഞു.

നോട്ടുകള്‍ പിന്‍വലിച്ചത് മൂലമുണ്ടായ സാധാരണക്കാരുടെ വിലാപങ്ങള്‍ ആര് കേള്‍ക്കാനാണ്, വിയോജിക്കാന്‍ അവസരമില്ലാത്ത വാചകക്കസര്‍ത്തുകള്‍ മാത്രമാണ് മോദിയുടെ സര്‍വെയിലുണ്ടായിരുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്നലെയാണ് മോദി സര്‍വെ ഫലം പുറത്തുവിട്ടത്. പണത്തേയല്ല ജനത്തെ തന്നെയാണ് മോദി മൂല്യമില്ലാതാക്കിയത്, പണത്തിനായി വരി നിന്ന് മരിച്ചവരുടെ കുടുംബങ്ങളോട് മാപ്പുപറയാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.

35 മണിക്കൂര്‍ കൊണ്ട് അഞ്ച് ലക്ഷം ആളുകള്‍ പങ്കെടുത്തതായും 93 ശതമാനം പേരും നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ പിന്തുണക്കുന്നതുമായാണ് സര്‍വെ ഫലം വ്യക്തമാക്കിയിരുന്നത്.സര്‍വെ ഫലം പുറത്തുവിട്ടതിന് പിന്നാലെ മോദി ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. മോദിയുടെ സര്‍വയെപ്പറ്റിയുള്ള നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


dont miss: നോട്ട് പിന്‍വലിക്കല്‍: മോദിയുടെ സര്‍വെ ഫലം പുറത്ത്


chandrika: