തിരുവനന്തപുരം: ജോസ് കെ മാണിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് രംഗത്ത്. തിങ്കളാഴ്ച ചേരുന്ന പ്രത്യേകനിയമസഭായോഗം സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് അവരുടെ ഭാവി കൂടി നിര്‍ണയിക്കപ്പെടുന്ന ഒന്നായി മാറുമെന്ന് വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു.
ജോസ് കെ മാണിയുടെ കോണ്‍ഗ്രസിനെ മുന്നണിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ അവര്‍ യുഡിഎഫില്‍ നിന്ന് പുറത്തേക്ക് പോയിട്ടില്ല. ഒരു പാര്‍ട്ടി എന്ന നിലയില്‍ ജോസ് കെ മാണി പക്ഷത്തിന് സ്വാതന്ത്ര്യങ്ങളുണ്ടാവാം. യുഡിഎഫ് ഒരു തീരുമാനമെടുത്ത് മുന്നോട്ട് പോവുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കേണ്ടവരാണ് ജോസ് കെ മാണിയും കൂട്ടരും. ആര്‍ക്കും വേണ്ടാത്തവരായി അവര്‍ മാറരുതെന്നും യുഡിഎഫ് തീരുമാനത്തിനൊപ്പം അവര്‍ നില്‍ക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാരിനെതിരായുള്ള ആദ്യ അവിശ്വാസ പ്രമേയം തിങ്കളാഴ്ച ആണ് നിയമസഭ ചര്‍ച്ചയ്‌ക്കെടുക്കുന്നത്. സഭാ സമ്മേളനം ചേരുമ്പോള്‍ അഞ്ച് മണിക്കൂര്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനാണ് ധാരണ.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി രംഗത്തെത്തി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിന്റെ താക്കീത് എന്തിനാണെന്നറിയില്ല. മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടിയാണെന്നും ജോസ് കെ മാണി പറഞ്ഞു.