X

പട്ടേല്‍ തീവ്രവാദ ആരോപണം; ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് പട്ടേല്‍ അഭിഭാഷകരോട് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ചയാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പട്ടേലിന് തീവ്രവാദബന്ധമുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി.ജെ.പിയുടെ അടിസ്ഥാന രഹിതമായ ആരോപണമുണ്ടാവുന്നത്. ഇതിന് പിന്നാലെ ബി.ജെ.പിക്ക് മറുപടിയുമായി പട്ടേല്‍ രംഗത്തെത്തി. ഗുജറാത്ത് തെരഞ്ഞെടുപ്പ് മനസ്സില്‍ കണ്ട് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് പട്ടേല്‍ പറഞ്ഞു. അറസ്റ്റിലായ വ്യക്തിയുടെ നിയമനവുമായി തന്നെ ബന്ധപ്പെടുത്താനാവില്ലെന്നും പട്ടേല്‍ വ്യക്തമാക്കി. അതേസമയം, അറസ്റ്റിലായ വ്യക്തി താല്‍ക്കാലിക ജീവനക്കാരനാണ്. ഒക്ടോബര്‍ നാലിന് രാജിവെക്കുകയും ചെയ്തിരുന്നു. പട്ടേലിനോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ ആസ്പത്രിയുമായി ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

സൂററ്റില്‍ നിന്നും ഐ.എസ് ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് അഹമ്മദ് പട്ടേലുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ആരോപണവുമായി രംഗത്തെത്തിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ അങ്കലേശ്വറിലെ സര്‍ദാര്‍ പട്ടേല്‍ ആസ്പത്രിയില്‍ ലാക് ടെക്‌നീഷ്യനായിരുന്നുവെന്നും അറസ്റ്റിലാവുന്നിന് രണ്ടു ദിവസം മുമ്പ് മാത്രമാണ് ജോലിയില്‍ നിന്നും രാജിവെക്കുന്നതെന്നുമായിരുന്നു ബി.ജെ.പിയുടെ വാദം. ആസ്പത്രിയുടെ ട്രസ്റ്റില്‍ ഒരാളാണ് പട്ടേല്‍. പട്ടേല്‍ നടത്തുന്ന ആസ്പത്രിയിലെ ഒരാള്‍ ഇത്തരത്തില്‍ പിടിക്കപ്പെടുന്നത് ഗുരുതരമാണെന്നും ബി.ജെ.പി പറഞ്ഞിരുന്നു. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇതിന് മറുപടി പറയണമെന്നുമായിരുന്നു ബി.ജെ.പിയുടെ ആവശ്യം. കൂടാതെ പട്ടേല്‍ എം.പി സ്ഥാനം രാജിവെക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാന രഹിതമായ ആരോപണത്തിന് ശക്തമായ തിരിച്ചടി നല്‍കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. വിജയ് രൂപാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കോണ്‍ഗ്രസ് നിയമോപദേശം തേടി. ഇതോടെ ബി.ജെ.പിയുടെ നില പരുങ്ങലിലാവുകയായിരുന്നു.

chandrika: