X

നോട്ടു അസാധുവാക്കല്‍: ഡോവലിന്റെ മകന്റെ കമ്പനിയിലൂടെ ഇന്ത്യയിലെത്തിയത് 8300 കോടി

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേകിന്റെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബ്രിട്ടീഷ് അധീനതയിലുള്ള കെയ്മന്‍ ദ്വീപുമായി ബന്ധപ്പെട്ട പണമിടപാടില്‍ വിവേകിനു പങ്കുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ബിഐ അന്വേഷണം നടത്തി ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കലിന് ശേഷം ഈ കമ്പനിയിലൂടെ ഇന്ത്യയില്‍ 8300 കോടി രൂപ എത്തിയതായാണ് കണ്ടെത്തല്‍. 2016ലെ നോട്ട് അസാധുവാക്കലിനു 13 ദിവസങ്ങള്‍ക്കു ശേഷം കെയ്മന്‍ ദ്വീപില്‍ അനധികൃത അക്കൗണ്ട് തുറന്ന വിവേക് അതിലൂടെ ഇന്ത്യന്‍ ബാങ്കുകളില്‍ 8300 കോടി രൂപ നിക്ഷേപിച്ചു. അനധികൃതമായി സൂക്ഷിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണിതെന്നും റിസര്‍വ് ബാങ്ക് ഇക്കാര്യം അന്വേഷിക്കണമെന്നും ജയറാം രമേശ് പറഞ്ഞു.
2000-2017 കാലയളവിലെ ആര്‍ബിഐയുടെ കണക്ക് അനുസരിച്ച് ഇന്ത്യക്ക് ആകെ 8300 കോടി രൂപയുടെ വിദേശനിക്ഷേപം മാത്രമാണ് കെയ്മന്‍ ദ്വീപില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ നോട്ടു അസാധുവാക്കലിനുശേഷം ഒരു വര്‍ഷം കൊണ്ട് അത്രയും തുക ഇന്ത്യയിലെത്തിയത് ദുരൂഹമാണെന്നും ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2016 നവംബര്‍ 21നു ജിഎന്‍വൈ ഏഷ്യ എന്ന കമ്പനിയുടെ പേരില്‍ കരീബിയന്‍ ദ്വീപിലെ ബാങ്ക് അക്കൗണ്ട് തുറന്നു. കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു വിവേക്. പിന്നാലെ അവിടെ നിന്ന് വ്യാപകമായി നിക്ഷേപങ്ങള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നടന്നു. പാനമ, പാരഡൈന്‍ രേഖ വിവാദത്തില്‍ ആരോപണവിധേയനായ ഡോണ്‍ ഡബ്ല്യു ഇബാങ്ക്‌സ് എങ്ങനെ വിവേകിന്റെ കമ്പനിയുടെ ഡയറക്ടറായി എന്നതിനുള്ള മറുപടിയും ഡോവല്‍ നല്‍കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

chandrika: