ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുംമുമ്പെ അറിയിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് അറിയിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് എന്‍.ഡി.എ ബന്ധപ്പെട്ടതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദളിതനെ പ്രഖ്യാപിച്ചത് ആര്‍.എസ്.എസ് അജണ്ഡയെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി തീരുമാനം അത്ഭുതപ്പെടുത്തിയെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.
അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച ബി.ജെ.പി നിലപാടിനെതിരെ എന്‍.ഡി.എയിലും എതിര്‍പ്പ് ഉയരുന്നതായി റിപ്പോര്‍ട്ട്. ബിജെപി തീരുമാനം ഏകപക്ഷീയമെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. എന്നാല്‍ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും ശിവസേന അറിയിച്ചു. നേരത്തെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി തീരുമാനം മോദിക്ക് വിട്ടുനല്‍കുന്നതിനെതിരെയും ശിവസേന രംഗത്തെത്തിയിരുന്നു.
ദളിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടി പോരാടിയ വ്യക്തിയാണ് രാംനാഥ് കോവിന്ദ് എന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ആദിവാസിയയെയോ ദളിതനെയോ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്ന ആര്‍.എസ്.എസ് നിര്‍ദേശം പാലിച്ചാണ് സ്ഥാനാര്‍ത്ഥി നിയന്ത്രണമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍.