ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും എസ്.പി -ബി.എസ്.പി സഖ്യത്തിന്റെ ഭാഗമാകാനില്ലെന്നും വ്യക്തമാക്കി പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുളള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതി രാദിത്യ സിന്ധ്യ. 80 സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരേ ആശയമുള്ള പാര്‍ട്ടികള്‍ ഒരേ തരത്തില്‍ ചിന്തിക്കണം. എസ്.പി-ബി.എസ്.പിയുമായി കോണ്‍ഗ്രസിനായി രണ്ട് സീറ്റ് ഒഴിച്ചിട്ട സഖ്യത്തിന് വേണ്ടി വേണമെങ്കില്‍ രണ്ട് മൂന്ന് സീറ്റ് ഒഴിച്ചിടാമെന്നും എസ്പി-ബിഎസ്പി സഖ്യത്തിന് മറുപടിയായി സിന്ധ്യ പറഞ്ഞു. അതേസമയം, നേരത്തെ രണ്ട് സീറ്റുകള്‍ മാത്രം നല്‍കാമെന്ന് പറഞ്ഞ സഖ്യം പതിനാല് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നറിയിച്ചെങ്കിലും സഖ്യവുമായി നീക്ക് പോക്കിന് കോണ്‍ഗ്രസ് തയ്യാറായില്ല. പ്രിയങ്കയുടെ വരവോടെ കൂടുതല്‍ ഊര്‍ജ്ജം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതോടെയാണ് കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറായത്.
കോണ്‍ഗ്രസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. ആറ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ബി.എസ്.പി 38ഉം എസ്പി 31ഉം സീറ്റുകളില്‍ മത്സരിക്കാനാണ് ധാരണ.