ന്യൂഡല്‍ഹി: ഡല്‍ഹി പി.സി.സി സ്ഥാനം അജയ് മാക്കന്‍ രാജിവെക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്ത്. അജയ് മാക്കന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വിദേശത്തേക്ക് ചികിത്സക്കായാണ് അദ്ദേഹം പോകുന്നതെന്നും കോണ്‍ഗ്രസ് അറിയിച്ചു.
വിദേശത്തേക്ക് ചികിത്സക്കായാണ് അദ്ദേഹം പോകുന്നത്. അതിനാല്‍ കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷനെന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന് പ്രയാസമുണ്ട്. മാത്രമല്ല ചികില്‍സയുമായി ബന്ധപ്പെട്ടുള്ള യാത്രയും ചുമതലകള്‍ നിറവേറ്റുന്നതില്‍ തടസ്സമായേക്കുമോ എന്നും ആശങ്കയുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. എന്തായാലും അജയ് മാക്കന്‍ പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടില്ല. അദ്ദേഹം തിരിച്ചെത്തി, ചികില്‍സയുടെ മറ്റ് കാര്യങ്ങള്‍ അറിഞ്ഞശേഷം മാത്രമേ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് നടത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കൂ എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പി.സി ചാക്കോയും അറിയിച്ചു.
അജയ് മാക്കന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2015-ല്‍ അരവിന്ദ് സിങ് ലവ്‌ലിക്ക് പകരമായാണ് അജയ്മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്ന് കാട്ടിയാണ് രാജിക്കത്തെന്നാണ് വിവരം.