X

ഉപതെരഞ്ഞെടുപ്പ് എപ്പോഴായാലും നേരിടാൻ തയ്യാർ: കെ.സുധാകരൻ

സത്യവും നീതിയും കോണ്‍ഗ്രസിനൊപ്പമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഒരു കാലത്തും കോൺഗ്രസ് ഒറ്റപ്പെട്ടുപോകില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രസ്ഥാനം മുന്നോട്ടുപോകും. തടയാനോ തടുക്കാനോ ആർക്കും സാധിക്കില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കോടതി വിധി ഉണ്ടായതിനെ തുടര്‍ന്ന് മിന്നല്‍ വേഗതയില്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ ഏകാധിപത്യനടപടി രാജ്യത്തെ ജനാധിപത്യവിശ്വാസികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്.രാജ്യത്തെ പ്രതിപക്ഷ കക്ഷികളെല്ലാം ഇതിനെതിരേ ഒറ്റക്കെട്ടായി രംഗത്തുവരണം.

വയനാട് എംപിയായ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ കിരാതമായ നടപടി ഏറ്റവുമധികം വേദനിപ്പിച്ചത് കേരളത്തെയാണ്. എംപി എന്നതിനേക്കാള്‍ കേരളത്തിന്റെ ഒരു മകനെപ്പോലെ എല്ലാവരുടെയും സ്‌നേഹവും ആദരവും നേടിയ അദ്ദേഹത്തിനെതിരേ ഉണ്ടായ മിന്നലാക്രമണത്തിന്റെ ആഘാതത്തിലാണ് നാമെല്ലാവരും. ഉപതെരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചോട്ടെ, ഞങ്ങൾ നേരിടാൻ തയ്യാറാണ്. ആരു ഭരിക്കണമെന്ന് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിക്കട്ടെ. നീതി നിലനിൽക്കണോ, അനീതി നിലനിൽക്കണോ എന്ന് തീരുമാനിക്കേണ്ടത് ജനതയാണ്. അത് അവരുടെ അവകാശമാണ്. തെരഞ്ഞെടുപ്പ് രംഗം സൃഷ്ടിക്കുകയാണെങ്കിൽ ജനം ആ സന്ദർഭത്തെ ഉപയോഗപ്പെടുത്തുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ജനങ്ങൾക്കു മുന്നിൽ തോൽക്കേണ്ടി വരില്ലെന്ന പൂർണ വിശ്വാസം കോൺഗ്രസിനുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

webdesk13: