കെ.പി ജലീല്‍
കര്‍ണാടകയിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം ദേശീയരാഷ്ട്രീയത്തിനുള്ള ചൂണ്ടുപലകയാണ്. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ രാഷ്ട്രത്തിലെ ജനത എങ്ങനെ വോട്ടുചെയ്യാനിരിക്കുന്നതിന്റെ സൂചനകള്‍. പ്രധാനമന്ത്രിയും ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും സ്റ്റാര്‍കാമ്പയിനറായ മോദി നേരിട്ട് നടത്തിയ പ്രചാരണമായിരുന്നിട്ടും പാര്‍ട്ടി അമ്പേ പിന്നിലാകുന്ന കാഴ്ചയാണ് ഇവിടെ കാണാനായത്. 100ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസിന് നേരത്തെതന്നെ ഉറപ്പുണ്ടായിരുന്നു. അത് സംസ്ഥാനത്തെ ജനങ്ങള്‍ വര്‍ഗീയതക്കും അഴിമതിക്കും എതിരാണെന്നതായിരുന്നു. മോദിയെ അവര്‍ രണ്ടുകാലും കൊണ്ട് തൊഴിച്ചിരിക്കുന്നു. യെദിയൂരപ്പയുടെയും ബൊമ്മെയുടെയും സര്‍ക്കാരുകള്‍ക്ക് സംസ്ഥാനത്ത് അഴിമതിയും വികസനരാഹിത്യവും വര്‍ഗീയതയും വിളമ്പാനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്നാണ് അവരുടെ ഭരണം തെളിയിച്ചത്. കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാരിനെ മറിച്ചിട്ട് പണത്തിന്റെയും കേന്ദ്രാധികാരത്തിന്റെയും ബലത്തില്‍ സംസ്ഥാനം അടക്കിവാഴുകയായിരുന്നു കഴിഞ്ഞ നാലുവര്‍ഷത്തോളം ബി.ജെ.പിയും സംഘപരിവാരവും, ശതകോടികളാണ് ഇവരുടെ നേതാക്കളില്‍നിന്ന് പിടിച്ചെടുത്തത്.
മുസ്്‌ലിംകള്‍ക്കും അവരുടെ വിദ്യാര്‍ത്ഥികള്‍ക്കും നേരെ മൗലികാവകാശം പോലും മറന്നുകൊണ്ടായിരുന്നു ഹിജാബ് ഉള്‍പെടെയുള്ള വിവാദത്തിന് സംഘപരിവാരം അഴിഞ്ഞാടിയത്. സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. ഹിജാബ് എന്നത് മുസ്്‌ലിംകളുടെ വസ്ത്രമാണെന്നത് മനസ്സിലാക്കാതെ അവരെ സ്‌കൂള്‍ -കോളജ് കോമ്പൗണ്ടുകളില്‍ പിച്ചിച്ചീന്താന്‍പോലും മടിക്കാതെ ക്രമസമാധാനം കയ്യിലെടുത്ത് അഴിഞ്ഞാടുകയായിരുന്നു സംഘപരിവാരപ്രഭൃതികള്‍. അതിന് സര്‍ക്കാരിന്റെയും ഒരുപരിധിവരെ നീതിപീഠത്തിന്റെയും പിന്തുണകിട്ടി. എങ്കിലും ആ കുട്ടികള്‍ പഠിച്ച് മിടുക്കരായി തന്നെ പുറത്തുവന്നു എന്നത് അവര്‍ക്കേറ്റ തിരിച്ചടിയായിരുന്നു.
മോദി 15ഓളം റാലികളിലാണ ്പ്രചാരണത്തില്‍ പ്രസംഗിച്ചത്. ബന്ദിപൂര്‍യാത്രയും മറ്റും അദ്ദേഹം കൊണ്ടാടി. 26 കിലോമീറ്റര്‍ റോഡ് ഷോ നടത്തി. കേരളസ്‌റ്റോറി സിനിമപോലും മതധ്രുവീകരണത്തിനായി പദവി പോലും മറന്ന് അദ്ദേഹം പരസ്യമായി വിഷയമാക്കി. സിനിമ തീവ്രവാദത്തിനെതിരാണെന്നും മതത്തിനെതിരാണെന്നും വരെ അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹം മതധ്രുവീകരണത്തിന ്അക്ഷരാര്‍ത്ഥത്തില്‍ ചുക്കാന്‍പിടിക്കുകയായിരുന്നു.
കല്‍ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും രക്തം വീണ മണ്ണില്‍ ഇതൊരു മധുരപ്രതികാരമാണ് കര്‍ണാടകയിലെ മതേതരജനതക്ക് ദ്രാവിഡ ജനതയുടെ വര്‍ഗീയതക്കും മതാന്ധതക്കുമെതിരായ കനത്ത പ്രഹരം. ഇനി മോദി അനുഭവത്തിന്റെ പാഠം ഉള്‍ക്കൊണ്ട് നയം മാറ്റുമോ അതോ വീണ്ടും രൂക്ഷമായ മതതീവ്രവാദവുമായി രംഗത്തുവരുമോ എന്നാണ് അബ്ദുല്‍നാസര്‍ മഅദനിയെയും സിദ്ദീഖ് കാപ്പനെയും എണ്ണമറ്റ മുസ്്‌ലിം ചെറുപ്പക്കാരും ചിന്തിക്കുന്നത്. അവരുടെ കൂടി വിജയമാണിത്. കോണ്‍ഗ്രസിന്റെ ഈ വിജയം 3500 കിലോമീറ്റര്‍ രാജ്യംമുഴുവന്‍ നടന്നുതീര്‍ത്ത കറകളഞ്ഞ മതേതരവാദിയായ നേതാവിന്റെയും രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത കുടുംബത്തിന്റെയും കൂടിയാണ്. അടുത്തിടെ ദലിതനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തയക്കുമ്പോള്‍ കോണ്‍ഗ്രസ് കരുതിയതും ഇതുതന്നെയാണ്. അദ്ദേഹത്തിന്റെ തട്ടകത്ത് ഇത് ഗുണം ചെയ്യും.
മുസ്്‌ലിംകളുടെ 4 ശതമാനം സംവരണംപോലും എടുത്തുകളഞ്ഞുള്ള വര്‍ഗീയവൈതാളികരുടെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയല്ലാതെന്ത് വിശേഷിപ്പിക്കാന്‍. ഇനി ബി.ജെ.പിക്കും സംഘപരിവാരത്തിനും മധ്യപ്രദേശും രാജസ്ഥാനും അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനതയുടെ അടികൂടിയാണ ്കാത്തിരിക്കേണ്ടിവരുന്നത്. വിലക്കയറ്റം കൊണ്ടും നികുതിഭാരം കൊണ്ടും പൊറുതിമുട്ടിയ ജനതയുടെ ജനാധിപത്യപരമായ മധുരമായ മറുപടികൂടിയാണ് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ജനാധിപത്യവാദികള്‍ക്കും ഏകാധിപത്യവാദികള്‍ക്കുമുള്ള പാഠമിതിലുണ്ട്.
ഒരുമെയ്യായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചിട്ടയായ പ്രചാരണത്തിന്റെ വിജയം കൂടിയാണിത്. മുസ്്‌ലിം ലീഗ് ഉള്‍പെടെയുളള മതേതരകൂട്ടായ്മയുടെ വിജയവും.