കൊല്‍ക്കത്ത: ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും നേരിടാന്‍ വരുന്ന ബംഗാള്‍ നിയമസഭാ തെരുഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കോന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം നടത്തിയ ആദ്യപത്രസമ്മേളനത്തിലാണ് അധിര്‍ രഞ്ജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇടതുപക്ഷവുമായി ധാരണയിലെത്താനാണ് ആഗ്രഹിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ഒരു ഇഞ്ച് പോലും നല്‍കരുത്. മതേതര തത്വങ്ങളില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും വിട്ടുവീഴ്ചക്ക് തയാറല്ല. അതുകൊണ്ട് തന്നെ എല്ലാ ജനങ്ങളും കോണ്‍ഗ്രസ് എന്ന ഒറ്റക്കുടക്കീഴില്‍ ഒത്തുചേരണം.’ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
അധിര്‍ രഞ്ജന്‍ ചൗധരിയെ ബുധനാഴ്ച രാത്രിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലപ്പെടുത്തിയത്. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് അധിര്‍. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അധ്യക്ഷനായി അദ്ദേഹത്തെ നിയമിക്കുന്നതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ നിലപാടാണ് വ്യക്തമാക്കിയത്. ബിജെപിയെ നേരിടാന്‍ എല്ലാ മതേതരശക്തികളോടും ഒത്തൊരുമിച്ച് നില്‍ക്കണമെന്നാണ് ചുമതല ഏറ്റെടുത്തിതിന് പിന്നാലെ അധിര്‍ രഞ്ജന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇതിലേക്കായി തൃണമൂല്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നില്ല. നിലവില്‍ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് കൂടിയാണ് അധിര്‍ രഞ്ജന്‍ ചൗധരി.