X
    Categories: NewsSports

കണ്‍ഫ്യൂഷന്‍; രോഹിത് റൂമില്‍ തന്നെ

ലണ്ടന്‍: രോഹിത് ശര്‍മ കളിക്കുമോ, ഇല്ലയോ…? ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതിരിക്കാന്‍ കാരണം ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ആരോഗ്യം രോഹിത് സമാഹരിച്ചുവരുന്നു എന്നതിനാലാണെന്ന് സൂചന. കോവിഡ് ബാധിതനായ രോഹിത് ഇന്നലെയും ഇന്ത്യന്‍ പരിശീലന സംഘത്തിനൊപ്പമുണ്ടായിരുന്നില്ല. ക്വാറന്റൈനില്‍ തുടരുകയാണ് നായകന്‍.

എജ്ബാസ്റ്റണ്‍ ടെസ്റ്റിന് കേവലം രണ്ട് നാള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പ്രശ്‌നങ്ങള്‍ പലവിധമാണ് ഇന്ത്യന്‍ ക്യാമ്പില്‍. ഇന്ത്യ 2-1 ന് മുന്നിട്ട് നില്‍ക്കുന്ന പരമ്പരയാണിത്. എജ്ബാസ്റ്റണില്‍ വിജയിക്കാനായാല്‍ പരമ്പര ഉറപ്പിക്കാം. പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല. ഒരു വര്‍ഷം മുമ്പ് ഇന്ത്യയെ നേരിട്ട ജോ റൂട്ടിന്റെ ഇംഗ്ലണ്ടല്ല നിലവിലെ ഇംഗ്ലണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെ മൂന്ന് ടെസ്്റ്റുകളില്‍ തകര്‍ത്ത് പരമ്പര തൂത്ത് വാരിയ സംഘമാണ്. ബാറ്റര്‍മാരും ബൗളര്‍മാരും ഉജ്ജ്വല ഫോമില്‍ നില്‍ക്കുന്നു.

ഇന്ത്യന്‍ തലവേദന ഓപ്പണറില്‍ തുടങ്ങുന്നു. രോഹിത് ആരോഗ്യവാനാണെങ്കില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അദ്ദേഹം ഇന്നിംഗ്‌സിന് തുടക്കമിടും. ഇനി രോഹിത് കളിക്കാത്ത പക്ഷം ഓപ്പണിംഗ് സ്ഥാനത്തേക്ക് ഗില്ലിനൊപ്പം മൂന്ന് പേരെ പരിഗണിക്കുന്നു. ചേതേശ്വര്‍ പുജാര, കെ.എസ് ഭരത്, മായങ്ക് അഗര്‍വാള്‍ എന്നിവരെ. മായങ്കിനെ കഴിഞ്ഞ ദിവസമാണ് ടീമിലേക്ക് ക്ഷണിച്ചത്. പുജാര ഇടക്കാലത്ത് ഓപ്പണറായി കളിച്ചിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റിയുവര്‍ട്ട് ബ്രോഡ്, മാത്യു പോട്‌സ് എന്നിവരുടെ അതിവേഗ പന്തുകളെ നേരിടാന്‍ പുജാരയാണ് യോഗ്യന്‍. വിരാത് കോലിക്ക് മൂന്നാം നമ്പര്‍ സ്ഥാനം നല്‍കാനുള്ള പദ്ധതിയുണ്ടെങ്കില്‍ രോഹിത് കളിക്കാത്തപക്ഷം ഗില്ലിനൊപ്പം പുജാര വരാനാണ് കൂടുതല്‍ സാധ്യത. ഭരതാവട്ടെ പരിശീലന മല്‍സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലും കരുത്ത് പ്രകടിപ്പിച്ച സാഹചര്യത്തില്‍ സാധ്യത തേടുന്നു.

കോലിയെ കൂടാതെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കുന്ന മറ്റൊരു പേര് ഹനുമ വിഹാരിയുടേതാണ്. മാര്‍ച്ചില്‍ ശ്രീലങ്കക്കെതിരെ നടന്ന രണ്ട് മല്‍സര ടെസ്റ്റ് പരമ്പരയില്‍ ഈ റോളില്‍ ശരാശരി പ്രകടനമായിരുന്നു. ശ്രേയാംസ് അയ്യരെ എവിടെ കളിപ്പിക്കുമെന്ന ചോദ്യവും ഉയരുന്നു. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന നിലയില്‍ ആര്‍. അശ്വിന് അവസരമുണ്ടാവുമോ എന്നതാണ് അടുത്ത ചോദ്യം. രവിശീസ്ത്രി പരിശീലകനും വിരാത് കോലി നായകനുമായി നാല് ടെസ്റ്റുകള്‍ ഒരു വര്‍ഷം മുമ്പ് കളിച്ച സംഘത്തില്‍ അശ്വിന് പ്ലെയിംഗ് ഇലവനില്‍ അവസരമുണ്ടായിരുന്നില്ല. രവിന്ദു ജഡേജയാണ് നാല് ടെസ്റ്റുകളിലും കളിച്ചത്. ടീമിലെ പ്രധാന രണ്ട് സീമര്‍മാര്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തന്നെ. മൂന്നാമനായ സീമര്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം ഒന്നുങ്കില്‍ മുഹമ്മദ് സിറാജാണ്, അല്ലെങ്കില്‍ ഉമേഷ് യാദവ്.

Chandrika Web: