ബിഹാറില്‍ ജെഡിയു ബി.ജെ.പി കൂട്ടുകെട്ടില്‍ ആശയക്കുഴപ്പമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നില്‍ ബി.ജെ.പി ഉപാധികള്‍ വെച്ചിട്ടുണ്ട്. നിതിഷ് കുമാറിനോട് ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കന്‍ ബി.ജെ.പി ആവശ്യപ്പെട്ടതായാണ് സൂചന.
ഇതിനുശേഷം പിന്തുണ അറിയിക്കുന്ന കത്ത് നല്‍കാമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ പിന്തുണ അറിയിക്കുന്ന കത്ത് ആദ്യം നല്‍കിയ ശേഷം രാജിവെക്കാമെന്നാണ് ജെ.ഡി.യു പറയുന്നത്.
ഞായറാഴ്ച രാവിലെ പത്തിന് ജെ.ഡി.യു എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗം ചേരുന്നുണ്ട്. ഇതിന് പിന്നാലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എം.എല്‍.എമാരുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. നിതീഷിനെ പ്രതിരോധിക്കുകയാണ് ഇവരുടെ ലക്ഷ്യം.
243 അംഗങ്ങളുള്ള ബിഹാര്‍ അസംബ്ലിയില്‍ 79 എം.എല്‍.എമാരുള്ള ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പി 78, ജെ.ഡി.യു 45, കോണ്‍ഗ്രസ് 19, സി.പി.ഐ (എം.എല്‍) 12, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍) 4, സി.പി.ഐ 2, സി.പി.എം 2, എഐഎംഐഎം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റില്‍ സ്വതന്ത്രനാണ്.
122 സീറ്റാണ് ഭരിക്കാന്‍ വേണ്ടത്. ബി.ജെ.പിയും ജെ.ഡി.യുവും ചേര്‍ന്നാല്‍ 123 സീറ്റാകും. ജെ.ഡി.യു പിന്‍മാറുന്നതോടെ നിലവിലെ മഹാഘട്ട്ബന്ധന്‍ മുന്നണിയിലെ സീറ്റ് നില 114 ആയി കുറയും.
ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവരും ഇന്ന് ബിഹാറില്‍ എത്തുന്നുണ്ട്. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചിട്ടില്ല എന്നാണ് സൂചന. തങ്ങള്‍ക്ക് ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് ജെഡിയു ഇന്നലെ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എംഎല്‍എമാര്‍ കൂറുമാറുന്നത് തടയാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
ഇന്നലെ മുഴുവന്‍ എംഎല്‍എമാരും എത്താത്തതിനെ തുടര്‍ന്ന് മാറ്റിവെച്ച യോഗമാണ് കോണ്‍ഗ്രസ് ഇന്ന് ചേരുന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എംഎല്‍എമാരുടെ ചോര്‍ച്ച തടയുന്നതിന് ഒപ്പം ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യവും മുന്നണിക്കുണ്ട്. അതേസമയം, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയെ ഒപ്പം ചേര്‍ക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. ബംഗാള്‍ സന്ദര്‍ശനം മാറ്റിവെച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയും ബിഹാറില്‍ എത്തുന്നത്.