സംഘര്‍ഷത്തില്‍ മൂന്നു സിവിലിയന്‍മാരും ഒരു സൈനികനും കൊല്ലപ്പെട്ടു
ശ്രീനഗര്‍: ഒരിടവേളക്ക് ശേഷം ജമ്മു കശ്മീര്‍ വീണ്ടും സംഘര്‍ഷഭരിതമാവുന്നു. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതിഷേധക്കാരും സുരക്ഷ ഭടന്‍മാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് കൗമാരക്കാരുള്‍പ്പെടെ മൂന്ന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു.
സൈനികര്‍ക്കെതിരെ പ്രദേശവാസികള്‍ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് മൂവരും കൊല്ലപ്പെട്ടത്. 20 സിവിലിയന്‍മാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുല്‍ഗാം, അനന്തനാഗ് എന്നിവിടങ്ങളില്‍ സൈന്യവും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സൈന്യത്തിന്റെ വെടിയേറ്റാണ് ഷര്‍ജീല്‍ അഹമ്മദ് ഷെയ്ഖ് (24), ബിലാല്‍ അഹമ്മദ് തന്‍ത്രി (16), ഫൈസല്‍ ഇലാഹി (17) എന്നിവര്‍ കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ കുദ് വാനി മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞ് നടത്തിയ പരിശോധനക്കെതിരെയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയത്, ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ പ്രദേശവാസികള്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തുകയായിരുന്നെന്നും ആത്മരക്ഷാര്‍ത്ഥം സൈന്യം വെടിവെക്കുകയായിരുന്നെന്നും സൈനിക വക്താവ് അറിയിച്ചു.
കുല്‍ഗാം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ അടഞ്ഞു കിടക്കുകയാണ്. ഈ മാസം ഒന്നിന് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 13 ഭീകരരും നാലു സിവിലിയന്‍മാരും മൂന്നു സൈനികരും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.