തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. മുഖ്യമന്ത്രി രാജിവെക്കണം, ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസിന്റെ മാർച്ച്.
യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിയുടെ തലയ്ക്ക് പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവരും മാർച്ചിലുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് 7 തവണ ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ് ലാത്തിച്ചാർജില്‍ അബിൻ വർക്കിക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്. ഒന്നിലധികം തവണ ലാത്തി കൊണ്ട് മർദിച്ചെന്ന് പരാതിയുണ്ട്. ജില്ലാ ഭാരവാഹികളായ സുരേഷ് വട്ടപറമ്പ്, സുമേഷ് തുടങ്ങിയവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാർച്ചിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ സംസാരിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.