X

മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷം; ബിജെപി ഓഫീസിനു തീവച്ച് പ്രതിഷേധക്കാര്‍

മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമാകുന്നു. രണ്ട് മെയ്തി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള പ്രകടനം അക്രമത്തില്‍ കലാശിച്ചു. കലാപകാരികള്‍ ബിജെപി ഓഫീസിന് തീയിട്ടു. ഓഫീസില്‍ ഉണ്ടായിരുന്ന കാറും അഗ്‌നിക്കരിയാക്കി. ഒരിടവേളക്കുശേഷം സംസ്ഥാന വീണ്ടും സംഘര്‍ഷമായിരിക്കുകയാണ്.

അതേസമയം കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളും സുരക്ഷാസേനയും ഏറ്റുമുട്ടി. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായതിനെത്തുടര്‍ന്ന് സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇംഫാലിലെ മൊയ്‌റാങ്‌ഗോമില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് 200 മീറ്റര്‍ അകലെ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകവും ടിയര്‍ഗ്യാസും പ്രയോഗിച്ചത്. വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. 24 മണിക്കൂറിനുള്ളില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും മൃതദേഹം കണ്ടെത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സുഹൃത്തുക്കളും സഹപാഠികളും കൊല്ലപ്പെടുമ്പോള്‍ തങ്ങള്‍ക്ക് എങ്ങനെ പഠനവുമായി മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും അവര്‍ ചോദിക്കുന്നു. തങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയുമായി നേരിട്ട് പങ്കുവെക്കണമെന്ന ആവശ്യം വിദ്യാര്‍ഥികള്‍ ഉന്നയിച്ചു.

മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാര്‍ഥികള്‍ക്കിടിയില്‍ നിന്ന് ആര്‍.എ. എഫിനെതിരെയടക്കം കല്ലേറുണ്ടാവുകയായിരുന്നു. കഴിഞ്ഞ ദിവസവും സമാനരീതിയിലുണ്ടായ സംഘര്‍ഷത്തില്‍ 45 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച ഇംഫാലില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഇത് മറികടന്നാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധവുമായി എത്തിയത്. തൗബാലിലെ ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫീ സിന് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സായുധസേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ ആറുമാസത്തേക്കു കൂടി നീട്ടി. ഇംഫാല്‍ താഴ്‌വരയിലെ 19 പൊലീസ് സ്‌റ്റേഷനുകളും അസമുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളും ഒഴിവാക്കിയാണ് അഫ്‌സ്പ പ്രഖ്യാപിച്ചത്. മെയ്തി വിഭാഗം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് അഫ്‌സ്പ ഒഴിവാക്കിയത്. സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്തതി ല്‍ പ്രധാനമന്ത്രി മോദിയേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ബി.ജെ. പി കാരണം വടക്കു കിഴക്കന്‍ സംസ്ഥാനം യുദ്ധമുഖമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

147 ദിവസമായി മണിപ്പൂര്‍ കത്തുകയാണ്. പ്രധാനമന്ത്രി മോദി ഇതുവരെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്താന്‍ തയാറായിട്ടില്ല. അക്രമവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമത്തിന്റെ ഭീതിത ചിത്രങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

webdesk11: