ഇംഫാൽ: സംഘർഷഭരിതമായ മണിപ്പുരിൽ കുക്കി–മെയ്തെയ് ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കാങ്പോക്പി ജില്ലയിലെ താങ്ബ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ കുടുങ്ങിപ്പോയ നെംജാഖോൽ ഹങ്ഡിം (46) ആണ് കൊല്ലപ്പെട്ടത്. അക്രമികൾ ഒട്ടേറെ വീടുകൾക്കു തീയിട്ടു. നാട്ടുകാർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയാണെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയാക്കി. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രാണരക്ഷാർഥം വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു.
തിങ്കളാഴ്ച രാത്രി സിആർപിഎഫ് സംഘത്തിനുനേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തി. കഴിഞ്ഞദിവസം വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന രാജ് ഭവൻ, സെക്രട്ടേറിയറ്റ് മാർച്ചുകളിലും വലിയതോതിൽ സംഘർഷമുണ്ടായിരുന്നു. 12 പേർക്കു പരുക്കേറ്റു. രാജ്ഭവനും സെക്രട്ടേറിയറ്റിനും നേരെ സമരക്കാർ കല്ലെറിയുകയും സിആർപിഎഫിന്റെ വാഹനവ്യൂഹം ആക്രമിക്കുകയും ചെയ്തു.