X

കുറ്റസമ്മതം നടത്തുന്ന സി.പി.എം- എഡിറ്റോറിയല്‍

CPIM FLAG

അനാശ്യാസം ചോദ്യം ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്‌റ്റേ നടത്തിപ്പുകാരനായ ബ്രാഞ്ച്കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവം പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ സഞ്ചാരപഥത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സി.പി.എം മുല്ലക്കല്‍ ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനാണ് തിരുമല ബ്രാഞ്ച് കമ്മറ്റിയംഗം ടി.എം സുധീറും കൂട്ടാളിയും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ നട്ടെല്ലിനും നെഞ്ചിനും പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട പിന്നാമ്പുറകഥകള്‍ രസകരവും എന്നാല്‍ ചിന്തോദ്ധീപകവുമാണ്. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റയില്‍ അനാശാസ്യം നടക്കുന്നതായി ആരോപിച്ച് ആറു മാസങ്ങള്‍ക്കുമുമ്പാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നത്. അന്ന് പ്രതിഷേധ പരിപാടികള്‍ക്ക് മുന്നില്‍ നിന്നയാളായിരുന്നു സുധീര്‍. എന്നാല്‍ പിന്നീട് ഇദ്ദേഹം തന്നെ ഹോംസ്‌റ്റേ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇതിനു ശേഷവും അനാശാസ്യം നിര്‍ബാധം തുടരുന്നുവെന്ന് ചുറ്റുവട്ടത്തെ നൂറ്റിയൊന്ന് വീട്ടുകാര്‍ പരാതിയുമായി എത്തുകയും ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അക്രമത്തിലേക്കെത്തുകയുമായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും അത് ചോദ്യം ചെയ്താല്‍ നേതൃത്വത്തിനുപോലും രക്ഷയില്ലാതാകുന്നതുമായ ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലാതായിരിക്കുകയാണെന്ന് സി.പി.എം ഔപചാരികമായി തന്നെ സമ്മതിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന ചില അരാചക പ്രവണതകള്‍ക്ക് പാര്‍ട്ടിക്കാരും അനുബന്ധ സംഘടനകളില്‍പെട്ടവരും വിധേയരാകുന്നതായി കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മറ്റിയില്‍ വിമര്‍ശനമുയരുകയുണ്ടായി. തലസ്ഥാന ജില്ലയിലെ കാര്യങ്ങളാണ് സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചക്ക് വിധേയമായതെങ്കിലും മറ്റുള്ള ജില്ലകളിലെയും സാഹചര്യങ്ങള്‍ സമാനമാണ്. സംഘടനാ രംഗത്തെ കടമകള്‍ ചര്‍ച്ചചെയ്യുന്ന ദിവസം തന്നെ തലസ്ഥാന ജില്ലയിലെ ഡി.വൈ.എഫ്.ഐ നേതാക്കള്‍, ബിയര്‍ പാര്‍ലറില്‍ പോയി മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നത് സംസ്ഥാന കമ്മറ്റിക്ക് ചില്ലറ നാണക്കേടല്ല ഉണ്ടാക്കിയത്. പാര്‍ട്ടിയുടെ ലഹരി വിരുദ്ധ പരിപാടി കഴിഞ്ഞ് നേമം ഏരിയാ കമ്മറ്റി അംഗങ്ങള്‍ മദ്യപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഡി.വൈ.എഫ്.ഐ നേതാവ് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി, സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐ നേതാക്കള്‍ മദ്യപിച്ചെന്നു സൂചിപ്പിക്കുന്ന വീഡിയോകള്‍ പുറത്തുവന്നത്, തുടങ്ങിയ വിഷയങ്ങളാണ് തിരുവനന്തപുരം ജില്ലയെകുറിച്ചുള്ള ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത്.

രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പാര്‍ട്ടിയുടെയും പോഷകസംഘടനയുടെയും നേതൃത്വത്തില്‍ അഴിഞ്ഞാട്ടങ്ങള്‍ സര്‍വവ്യാപിയായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കോടികള്‍ ചിലവഴിച്ചുള്ള പ്രചാരണങ്ങളും പദ്ധതികളും നടപ്പാക്കുമ്പോള്‍ കാമ്പസുകളിലും വിദ്യാര്‍ത്ഥികളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി റാക്കറ്റുകള്‍ക്കുപിന്നില്‍ പലപ്പോഴും എസ്.എഫ്.ഐ നേതാക്കളുടെ കരങ്ങള്‍ പ്രകടമാവുകയാണ്. നാടിനെ നിക്ഷേപ സൗഹൃദമാക്കിമാറ്റാന്‍ മന്ത്രിമാര്‍ വിദേശത്തുള്‍പ്പെടെ സന്ദര്‍ശിച്ച് സംരഭകരെ തേടുമ്പോള്‍ പ്രവാസികളും മറ്റും ജീവത്യാഗം ചെയ്ത് വളര്‍ത്തിക്കൊണ്ടുവരുന്ന വ്യവസായ സംരംഭങ്ങളുടെ മുന്നില്‍ ചെങ്കൊടി നാട്ടി അവരുടെ ജീവിതം തന്നെ തകര്‍ക്കുന്നത് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ്. ക്രമസമാധാന നിലയെ കുറിച്ച് മുഖ്യമന്ത്രി വാചാടോപം നടത്തുമ്പോള്‍ അക്രമം, അതിക്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ പാര്‍ട്ടിക്കാര്‍ തന്നെ അകപ്പെടുന്നു. സര്‍ക്കാറിന് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ നിയന്ത്രണമില്ലാതായതുപോലെ പാര്‍ട്ടിക്ക് അണികളുടെ മേലിലും നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ മുഖ്യമന്തിക്ക് നിരന്തരം യു ടോണ്‍ അടിക്കേണ്ടിവരുന്നതുപോലെ പാര്‍ട്ടി സെക്രട്ടറിക്കും പലപ്പോഴും മലക്കം മറിയേണ്ടി വരികയാണ്. നാടിന്റെ പുരോഗതിക്കും വികസനത്തിനും സമാധാനാന്തരീക്ഷം നിലനില്‍ക്കണമെന്നതും ലഹരി ഉപയോഗത്തിന്റെ ദുരിതങ്ങളും സാമൂഹ്യ സുരക്ഷിതത്വത്തിന്റെ ആവശ്യകതയും ആദ്യം പാര്‍ട്ടിക്കാര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തിട്ട് മതിയാകും സര്‍ക്കാറിന്റെ പ്രചണ്ടമായ പ്രചരണങ്ങള്‍. ഇല്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറിക്ക് കുറ്റസമ്മതം നടത്തേണ്ടിവന്നതുപോലെ മുഖ്യമന്ത്രിയും കൂട്ടരും ഇനിയും പൊതുസമൂഹത്തിനു മുന്നില്‍ വഷളായിക്കൊണ്ടേയിരിക്കും.

 

webdesk11: