ചരിത്രത്തിലില്ലാത്തവിധമുള്ള തമ്മിലടിയാണ് സമ്മേളനക്കാലത്ത് സി.പി.എം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നതോടെ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനക്കാലത്തുയര്‍ന്ന വിഭാഗിയതയുടെ ചൂടും പുകയും പരസ്യമായി എരിഞ്ഞുകൊണ്ടിരിക്കുകയാണ്. കരുനാഗപ്പള്ളിയില്‍ ഏരിയാ കമ്മറ്റി പിരിച്ചുവിടേണ്ടിവന്നപ്പോള്‍ പാലക്കാട് ജില്ലയില്‍ ഇടഞ്ഞു നില്‍ക്കുന്ന ഒരു വിഭാഗം ഇ.എം.എസ് മന്ദിരം എന്ന പേരില്‍ സമാന്തരമായി ഏരിയാകമ്മറ്റി ഓഫീസ് തുറന്നിരിക്കുന്നു. വിഭാഗിയത എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടുപോകുന്ന ആലപ്പുഴയിലാകട്ടേ ജില്ലാ പഞ്ചായത്തംഗം തന്നെ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തിച്ചതായുള്ള തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ പരാമര്‍ശം മറ്റൊരുവിവാദത്തിന് തി രികൊളുത്തിയിരിക്കുകയാണ്. ഏരിയാ കമ്മറ്റി പിരിച്ചുവിട്ടത് സംസ്ഥാന സമ്മളനം നടക്കാനിരിക്കുന്ന കൊല്ലം ജില്ലയിലാണെന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. നേതാക്കളെ ഓഫീസില്‍ പൂട്ടിയിടുകയും പാര്‍ട്ടി അംഗങ്ങള്‍ പരസ്യപ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തത് സി.പി.എമ്മിനെ സംബന്ധിച്ചടുത്തോളം സര്‍വ സാധാരണമായ സംഭവങ്ങളല്ല. എന്തു നടപടിയും സ്വീകരിക്കാന്‍ തങ്ങള്‍ തയാറാണെന്ന പ്രഖ്യാപനത്തോടെ ഒരു അച്ചടക്ക നടപടിയേയും ഭയക്കാതെ പാര്‍ട്ടി അംഗങ്ങള്‍ ഈ രീതിയില്‍ പരസ്യപ്രതികരണത്തിന് കച്ചകെട്ടിയിറങ്ങുമ്പോള്‍ സംസ്ഥാന നേത്യത്തം തന്നെ അമ്പരപ്പിലാണുള്ളത്.
കോണ്‍ഗ്രസില്‍ നിന്നെത്തിയ ആളെ ജില്ലാ സെക്രട്ടറിയുടെ താല്‍പര്യപ്രകാരം ലോക്കല്‍ സെക്രട്ടറിയാക്കിയതാണ് കൊഴിഞ്ഞാമ്പാറയിലെ കലാപത്തിനു കാരണം. സമാന്തര ലോക്കല്‍ സമ്മേളനം നടത്തിയ ശേഷമാണ് സമാന്തര ഓഫീസും പ്രദേശത്ത് തുറന്നത്. ജില്ലാ സെക്രട്ടറിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഇവര്‍ തങ്ങളാണ് യഥാര്‍ത്ഥ പാര്‍ട്ടി എന്ന അവകാശവാദവുമായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വരെ ഈ കൂട്ടായ്മയുടെ നേതൃത്വത്തിലിരിക്കുമ്പോള്‍ ഔദ്യോഗിക പക്ഷം തീര്‍ത്തും ദുര്‍ബലമായിത്തിരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആലപ്പുഴയില്‍ പാര്‍ട്ടിവിട്ട ബിപിന്‍ സി. ബാബു ഏരിയാകമ്മറ്റിയംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റുമാണ്. സി.പി.എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനില്ലെന്ന് ഏരിയാ കമ്മറ്റിയംഗം കൂടിയായ ഇദ്ദേഹത്തിന്റെ അമ്മയും വ്യക്തമാക്കിയിരിക്കുന്നു. മുതിര്‍ന്ന നേതാവ് ജി. സുധാകരനെ സ്വന്തം നാടായ അമ്പലപ്പുഴയില്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തതിന്റെ പേരിലും ആലപ്പുഴയില്‍ വിവാദം പുകയുകയാണ്. ജി. സുധാകരനുമായി കെ.സി വേണുഗോപാല്‍ എം.പി സൗഹൃദ സന്ദര്‍ശനം നടത്തിയതുപോലും സി.പി.എമ്മിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണ്. താഴേ തട്ടില്‍ നിന്നാരംഭിച്ച വിഭാഗിയതയും പരസ്യപ്രതിഷേധങ്ങളും ജില്ലാ സമ്മേളനങ്ങളിലും ക്യത്യമായി പ്രതിഫലിക്കുമെന്നതിന്റെ സൂചനകള്‍ നിലവില്‍തന്നെ പ്രകടമാകുന്നുണ്ട്. പല ജില്ലകളിലും സെക്രട്ടറിമാര്‍ക്കെതിരെ വലിയ പടയൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലാസെക്രട്ടറിയുടെ നിലപാടില്‍ പ്രതിശേധിച്ച് മംഗലം ഏരിയാ സമ്മേളനത്തില്‍ നിന്ന് നിലവിലെ സെക്രട്ടറി ഇറങ്ങിപ്പോയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
വിഭാഗീയത മറനിക്കിപ്പുറത്തുവരുന്നതും അത് തെരുവു യുദ്ധത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നതുമെല്ലാം പാര്‍ട്ടി ഇന്നെത്തിപ്പെട്ടിരിക്കുന്ന അപചയത്തിന്റെ നിദര്‍ ശനമായി മാത്രമേ വിലയിരുത്തേണ്ടതുള്ളൂ. എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ച് അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത രീതിയിലേക്ക് പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും മാറുകയും നേത്യത്വം ഏകാധിപത്യത്തിന് വഴിമാറുകയും ചെയ്യുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമാണിത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലുള്‍പ്പെടെ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള സമീപനം ഒരു സാധാരണ പ്രവര്‍ത്തകനെ സംബന്ധിച്ചടത്തോളം ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറമായിരുന്നുവെന്നത് നിസംശയം പറയാനാകും. വര്‍ഗീയ ശക്തികളെ വിജയിപ്പിച്ചെടുക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായി അ ധികാരം മാത്രം ലക്ഷ്യംവെച്ച് മറുകണ്ടം ചാടിയ ആളെ സ്ഥാനാര്‍ത്ഥിയാക്കുകയും ബി.ജെ.പിയുമായി പ്രത്യക്ഷമായി തന്നെ കൈകോര്‍ക്കുകയും ചെയ്തത് എങ്ങനെയാണ് അണികള്‍ക്ക് ബോധ്യപ്പെടുക. തിരഞ്ഞെടുപ്പുകളില്‍ വികസനവും രാഷ്ട്രീയവും പറയുന്നതിനു പകരം വര്‍ഗീയ ധ്രുവീകരണത്തിലൂടെ വിജയിച്ചുകയറാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന ഈ പാര്‍ട്ടിയെ ബി.ജെ.പിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനാവാതെ കുഴയുകയാണ് അണികള്‍. അതുകൊണ്ടുതന്നെ ഈ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കാനോ ഇതേ രീതിയില്‍ മുന്നോട്ടുപോകാനോ സി.പി.എമ്മിന് കഴിയില്ലെന്നുറപ്പാണ്.