X

സമ്മേളനം പണമേളം,സമ്പന്ന സംസ്ഥാന സമ്മേളനം; അധികാര ദുര്‍വിനിയോഗത്തിന്റേയും

CPIM FLAG

കെ.ബി.എ കരീം കൊച്ചി

ചൊവ്വാഴ്ച മുതല്‍ കൊച്ചിയില്‍ തുടങ്ങുന്ന സി.പി.എം സംസ്ഥാന സമ്മേളനം പണക്കൊഴുപ്പിന്റേയും അധികാരദുര്‍വിനിയോഗത്തിന്റേയും നേര്‍കാഴ്ചയായി മാറുകയാണ്. 37 വര്‍ഷത്തിനുശേഷം എറണാകുളത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കുമെന്ന്്് സംഘാടകര്‍ അവകാശപ്പെടുമ്പോള്‍ ധൂര്‍ത്തിന്റേയും ആഡംബരത്തിന്റേയും കാര്യത്തിലാണ് തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സമ്മേളനം ചരിത്രം കുറിക്കുന്നത്.

2018 ലേയും 19 ലേയും രണ്ടു പ്രളയങ്ങളുടേയും പിറകെ എത്തിയ കോവിഡ് മഹാമാരിയുടേയും ആഘാതത്തില്‍ കൊച്ചി നഗരം വിറങ്ങലിച്ചു നില്‍ക്കെയാണ് പണത്തിന്റെ കുത്തൊഴുക്ക് പ്രകടമാകുന്ന സംസ്ഥാന സമ്മേളനം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആര്‍ഭാടവും ആഡംബരവും ഒട്ടും കുറയാതിരിക്കാനാണ് നേരത്തെ നിശ്ചയിച്ച ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് സമ്മേളനം മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയത്. കോടികള്‍ മുടക്കിയ അലങ്കാരങ്ങളും മറ്റ് സംവിധാനങ്ങളുമാണ് മറൈന്‍ഡ്രൈവില്‍ ഒരുക്കിയിരിക്കുന്നത്.ഡല്‍ഹിയിലെ ചെങ്കോട്ടക്ക് സമാനമായ സംവിധാനമാണ് മറൈന്‍ഡ്രൈവില്‍ ഒരുക്കിയിരിക്കുന്നത്. മറൈന്‍ഡ്രൈവ് തെക്കു വടക്ക് പൂര്‍ണ്ണമായും അത്യാഡംബരത്തോടെ കെട്ടി മറിച്ചിരിക്കുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഈ കോട്ടകെട്ടല്‍. സ്റ്റേജുകള്‍ക്കും എക്‌സിബിഷന്‍ ഉള്‍പ്പെടെ മറ്റു സംവിധാനങ്ങള്‍ക്കും വന്‍ ആര്‍ഭാടത്തോടെയുള്ള വേദികളുമാണ് ഒരുക്കുന്നത്.

മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വ്യാപകമായി ദുരുപയോഗപ്പെടുത്തുകയാണ്. സര്‍ക്കാര്‍ വാഹനങ്ങളും വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് കളും സി.പി.എം സമ്മേളനം വിജയിപ്പിക്കുന്ന തിരക്കിലാണ്. സര്‍ക്കാര്‍ വാഹനങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. സമ്മേളനത്തെ വരവേല്‍ക്കാന്‍ ജില്ലയിലുടനീളം മുക്കിലും മൂലയിലും കമാനങ്ങളും മറ്റ് അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരമധ്യത്തിലെ പല അലങ്കാരങ്ങളും ലക്ഷങ്ങള്‍ മുടക്കിയാണ് ചെയ്തിരിക്കുന്നതെന്ന്്് വ്യക്തമാണ്.

പതിമൂവായിരത്തിലധികം കമാനങ്ങളും സ്തൂപങ്ങളും പ്രചരണത്തിന്റെ ഭാഗമായി ഉയര്‍ത്തിയതായി സംഘാടകര്‍ തന്നെ അവകാശപ്പെട്ടിട്ടുണ്ട്. അത്യാര്‍ഭാടത്തോടെ കെട്ടിഉയര്‍ത്തിയ സ്വാഗതസംഘം ഓഫീസുകള്‍ക്ക് പുറമെയാണിത്. ജില്ലയിലെ 3030 ബ്രാഞ്ച്‌കേന്ദ്രങ്ങളിലാണ് സ്വാഗതസംഘം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

ബഹുജനങ്ങളില്‍ നിന്ന് ഹുണ്ടിക പിരിവിലൂടെ സമ്മേളനത്തിനുള്ള ഫണ്ട് ശേഖരിച്ചതെന്നാണ് സംഘാടകരുടെ അവകാശവാദം. ജില്ലയിലെ ചെറുതും വലുതുമായ മുഴുവന്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും വന്‍ പിരിവ് നടത്തിയാണ് സമ്മേളനത്തിന് വേണ്ട കോടികള്‍ പിരിച്ചതെന്നത്് മറ്റൊരു യാഥാര്‍ത്ഥ്യം. സംസ്ഥാന ഭരണത്തിന്റെ അഹങ്കാരത്തില്‍ പിരിവിന് എത്തുന്ന സഖാക്കള്‍ പല വ്യാപാര സ്ഥാപനങ്ങളെയും പിഴിയുകയായിരുന്നു. സംസ്ഥാന സമ്മേളനത്തിന് ആവശ്യമായ കോടികളും ജില്ലയിലെ മുക്കിലും മൂലയിലും കമാനങ്ങളും സ്തൂപങ്ങളും നിര്‍മ്മിക്കുന്നതിനും പിരിവോട്്് പിരിവാണ് നടന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സമ്മേളനം നടക്കുന്നതെന്ന് സംഘാടകര്‍ അടിക്കടി അവകാശപ്പെടുമ്പോഴും സമ്മേളനം തുടങ്ങുന്നതിനു മുമ്പേയുള്ള പരിപാടികളില്‍ പോലും കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തിയതായി വ്യക്തമായിരുന്നു.

സംസ്ഥാന സമ്മേളനം അവിസ്മരണീയമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനും സി.പി.എം ജില്ലാ സെക്രട്ടറി സി .എന്‍ മോഹനന്‍ കണ്‍വീനറുമായ സംഘാടക സമിതി വ്യക്തമാക്കി.

Test User: