X
    Categories: MoreViews

കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം

 

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ചാമ്പ്യന്മാരുടെ ലോകകപ്പ് എന്ന വിശേഷണമുള്ള ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായുള്ള ടൂര്‍ണമെന്റിന് ഓഷ്യാന ജേതാക്കളായ ന്യൂസിലാന്റും ആതിഥേയരായ റഷ്യയും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കമാവുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് കിക്കോഫ്. സോണി സിക്‌സ്, ടെന്‍ സ്‌പോര്‍ട്‌സ്-2 ചാനലുകളില്‍ തല്‍സമയം. 2014 ലോകകപ്പ് ജേതാക്കളും ആതിഥേയരുമടക്കം എട്ട് ടീമുകളാണ് കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഏറ്റുമുട്ടുന്നത്. രണ്ട് ഗ്രൂപ്പുകൡല്‍ നാലുവീതം ടീമുകള്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ മത്സരിക്കും. ഇരുഗ്രൂപ്പുകളിലും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും.
റഷ്യ, ന്യൂസിലാന്റ്, യൂറോ കപ്പ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍, 2015 കോണ്‍കകാഫ് കപ്പ് ജേതാക്കളായ മെക്‌സിക്കോ എന്നിവരാണ് ഗ്രൂപ്പ് എയില്‍ അണിനിരക്കുന്നത്. ലോക ജേതാക്കളായ ജര്‍മനി, കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി, ഈ വര്‍ഷത്തെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് നേടിയ കാമറൂണ്‍, 2015 എ.എഫ്.സി ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ എന്നിവര്‍ ഗ്രൂപ്പ് ബിയിലും ഏറ്റുമുട്ടും. ജൂണ്‍ 28, 29 ദിവസങ്ങളില്‍ സെമിഫൈനലും ജൂലൈ രണ്ടിന് ഫൈനലും നടക്കും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ക്രെസ്റ്റോവ്‌സ്‌കി സ്‌റ്റേഡിയം, കസാനിലെ കസാന്‍ അറീന, മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയം, സോചിയിലെ ഫിഷ്ത് ഒളിംപിക് സ്റ്റേഡിയം എന്നീ വേദികളിലാണ് മത്സരങ്ങള്‍.
ഫിഫ ടൂര്‍ണമെന്റില്‍ 1982-നു ശേഷം ഇതാദ്യമായാണ് റഷ്യയും ന്യൂസിലാന്റും പരസ്പരം ഏറ്റുമുട്ടുന്നത്. 1982- ലോകകപ്പില്‍ സോവിയറ്റ് യൂണിയനും ന്യൂസിലാന്റും തമ്മില്‍ മത്സരിച്ചപ്പോള്‍ മൂന്നു ഗോൡന് സോവിയറ്റിനായിരുന്നു ജയം. കോണ്‍ഫെഡറേഷന്‍ കപ്പില്‍ റഷ്യയുടെ അരങ്ങേറ്റമാണ് ഇന്നത്തെ മത്സരം. അതേസമയം, ന്യൂസിലാന്റ് നാലാം തവണയാണ് ഭൂഖണ്ഡങ്ങളുടെ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും ഒരു പോയിന്റേ അവര്‍ക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
കളി മികവിലും സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിലും ഇത്തവണ റഷ്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും ആതിഥേയരെ തോല്‍പ്പിക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ന്യൂസിലാന്റ് കോച്ച് ആന്തണി ഹഡ്‌സണ്‍ പറയുന്നു. ‘വിജയിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഇവിടെ വരുന്നതില്‍ കാര്യമില്ല. റഷ്യയെ തോല്‍പ്പിക്കാന്‍ തന്നെയാവും ഞങ്ങളുടെ ശ്രമം. അവര്‍ ശക്തരാണെന്നറിയാം; പക്ഷേ, ഞങ്ങള്‍ക്ക് ഭയമില്ല’ – ഹഡ്‌സണ്‍ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ യൂറോകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത റഷ്യ, പരിചയ സമ്പന്നരെയും യുവാക്കളെയും അണിനിരത്തിയാണ് ടൂര്‍ണമെന്റിനിറങ്ങുന്നത്. പ്രതിരോധത്തിലും ആക്രമണത്തിലും ഏറെക്കുറെ പുതുമുഖങ്ങളെയാണ് കോച്ച് സ്റ്റാനിസ്ലാവ് സലാമോവിച്ച് ചെര്‍ചെസോവ് അണിനിരത്തുന്നത്. 27-കാരന്‍ സ്‌ട്രൈക്കര്‍ ഫ്യോദോര്‍ സ്‌മൊലോവ് ആണ് ടീമിലെ സൂപ്പര്‍ താരം. മിഡ്ഫീല്‍ഡര്‍മാരായ അലക്‌സാണ്ടര്‍ സമദോവ്, ദെനിസ് ഗുല്‍ഷന്‍കോവ്, ദിമിത്രി തരാസോവ്, യുറി സിര്‍ക്കോവ് എന്നിവരാണ് ടീമിലെ വെറ്ററന്‍മാര്‍. ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ്, റോമന്‍ ഷിഷ്‌കിന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖന്മാര്‍.
യുവതാരം റയാന്‍ തോമസും മാര്‍കോ റോജാസുമടങ്ങുന്ന ആക്രമണ നിരയാണ് ന്യൂസിലാന്റിന്റെ കരുത്ത്. ഡച്ച് ലീഗില്‍ കളിക്കുന്ന തോമസ് അപകടകാരിയാണ്. 35-കാരനായ ഷെയ്ന്‍ സ്‌മെല്‍റ്റ്‌സിനെയും 18-കാരന്‍ ഡെയ്ന്‍ ഇംഗാമിനെയും കോച്ച് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

chandrika: