X

പറങ്കികള്‍ക്ക് ജയിക്കണം

 
മോസ്‌കോ: കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെയും മെക്‌സിക്കോ ന്യൂസിലാന്റിനെയും നേരിടും. ആദ്യ മത്സരം ജയിച്ച റഷ്യക്ക് ഇന്ന് പോര്‍ച്ചുഗലിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ സെമി ഫൈനല്‍ ടിക്കറ്റുറപ്പിക്കാം. അതേസമയം, അവസാന നാലിലെത്തണമെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സംഘത്തിന് വിയര്‍ക്കേണ്ടി വരും. ന്യൂസിലാന്റിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ മെക്‌സിക്കോയ്ക്കും സെമി സാധ്യത വര്‍ധിപ്പിക്കാം.
ആദ്യ മത്സരത്തില്‍ മെക്‌സിക്കോയില്‍ നിന്ന് കടുത്ത മത്സരം ഏറ്റുവാങ്ങിയ പോര്‍ച്ചുഗല്‍ മോസ്‌കോയില്‍ ഇന്നിറങ്ങുക വിജയം തേടിത്തന്നെയാവും. ക്രിസ്റ്റിയാനോ, നാനി, പെപ്പെ, ജോ മൗട്ടിന്യോ, ആന്ദ്രെ ഗോമസ് തുടങ്ങിയ പ്രമുഖരെല്ലാമുണ്ടായിട്ടും 2-2 സമനില വഴങ്ങേണ്ടി വന്നത് ഫെര്‍ണാണ്ടോ ടോറസിന്റെ ടീമിന് ക്ഷീണമാണ്. കടലാസിലെ കരുത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമാണ് പോര്‍ച്ചുഗല്‍. അതേസമയം, ന്യൂസിലാന്റിന്റെ പ്രതിരോധം തകര്‍ത്ത് എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ച റഷ്യയുടെ കരുത്ത് യുവനിരയാണ്. സ്വന്തം നാട്ടുകാരായ കാണികളുടെ പിന്‍ബലത്തിനൊപ്പം ഫ്യോദോര്‍ സ്ലോളോവ്, ഡെനിസ് ഗ്ലുഷകോവ്, അലക്‌സാണ്ടര്‍ സമദോവ് തുടങ്ങിയവരുടെ മികവ് റഷ്യക്ക് കരുത്താവും. പോര്‍ച്ചുഗലിന്റെ കരുത്ത് ആക്രമണവും പ്രതിരോധവുമാണെങ്കില്‍ മധ്യനിരയും ആക്രമണവുമാണ് റഷ്യക്ക് അനുകൂല ഘടകങ്ങള്‍. അതേസമയം, ക്രിസ്റ്റിയാനോ നയിക്കുന്ന പോര്‍ച്ചുഗീസ് ആക്രമണത്തെ അകറ്റി നിര്‍ത്തണമെങ്കില്‍ റഷ്യന്‍ ഡിഫന്‍സിന് പെടാപ്പാട് പെടേണ്ടിവരും.പോര്‍ച്ചുഗലിനെ വിറപ്പിച്ച മെക്‌സിക്കോയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ന്യൂസിലാന്റിന് കഴിയാനിടയില്ല. പങ്കെടുക്കാനല്ല, ജയിക്കാന്‍ തന്നെയാണ് ഇറങ്ങുന്നതെന്ന് ന്യൂസിലാന്റ് കോച്ച് ആന്തണി ഹഡ്‌സണ്‍ പറയുന്നുണ്ടെങ്കിലും അത് കളത്തില്‍ പ്രാവര്‍ത്തികമാക്കുക എളുപ്പമല്ലെന്ന് കിവികള്‍ക്കറിയാം. ഹവിയര്‍ ഹെര്‍ണാണ്ടസ്, കാര്‍ലോസ് വേല, ജ്യോവന്നി ദോസ് സാന്റോസ്, തുടങ്ങിയവരടക്കമുള്ള ആക്രമണം തടയണമെങ്കില്‍ റഷ്യക്കെതിരെ നിര്‍മിച്ചതിനേക്കാള്‍ ഭദ്രമായ പ്രതിരോധക്കോട്ട തീര്‍ക്കേണ്ടി വരും കിവികള്‍ക്ക്. വെറ്ററന്‍ താരം റാഫേല്‍ മാര്‍ക്വേസിനെ മെക്‌സിക്കോ കോച്ച് ഓസോറിയോ ഇന്ന് തുടക്കം മുതല്‍ കളിപ്പിച്ചേക്കും.
ഇന്ന് തോറ്റാല്‍ കിവികളുടെ സാധ്യത പൂര്‍ണമായി അസ്തമിക്കും. ഒരു ജയം റഷ്യക്ക് സെമി ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്യും. എന്നാല്‍, ആദ്യ മത്സരത്തിലെ സമനിലയില്‍ നിന്ന് പാഠം പഠിച്ച മെക്‌സിക്കോയും പോര്‍ച്ചുഗലും ജയങ്ങളോടെ സെമി സാധ്യത ശക്തമാക്കുകയാവും ലക്ഷ്യമിടുന്നത്.

chandrika: