കെ റെയില്‍ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട പണി സി.പി.എമ്മുകാരും മന്ത്രിമാരും ചെയ്യേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര് കല്ലിട്ടാലും അത് പിഴുതെറിയുമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധി വെറും സാങ്കേതികം മാത്രമാണ്. സര്‍വേസ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് ആറാം വകുപ്പനുസരിച്ച് കല്ലിടണോ വേണ്ടയോ എന്ന പ്രശ്‌നം മാത്രമാണ് കോടതികള്‍ പരിശോധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളാരും കോടതിയില്‍ പോയിട്ടില്ല. എന്തായാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. സമരം ശക്തമാക്കും. കല്ല് പിഴുത സ്ഥലങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കല്ലിടാന്‍ ശ്രമിച്ചാല്‍ അത് പിഴുതെറിയും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.
സാമൂഹിക ആഘാത പഠനത്തെ സംബന്ധിച്ച ഒരു സാങ്കേതിക വിഷയം മാത്രമാണ് കോടതി പരിഗണിച്ചത്. ഭൂമി ഏറ്റെടക്കലുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് എന്തിനാണ് മറച്ചുവയ്ക്കുന്നത്. സാമൂഹിക ആഘാത പഠനത്തിന് വേണ്ടി കല്ലിടേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.
കെ റെയില്‍ എന്ന പേരില്‍ കല്ലിടേണ്ട ആവശ്യമില്ല. എത്രയും വേഗത്തില്‍ സ്ഥലം ഏറ്റെടുത്ത് കേരളത്തെ പണയപ്പെടുത്തി ജൈയ്ക്കയില്‍ നിന്നും ലോണ്‍ എടുക്കാനും അതിലൂടെ അഴിമതിയുടെ വാതില്‍ തുറക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തെ പണയപ്പെടുത്താനാണ് ഈ ധൃതി. എല്ലാ സാമഗ്രികളും ജപ്പാനില്‍ നിന്നും വാങ്ങാണമെന്ന ഉപാധികളോടു കൂടിയുള്ള വായ്പയാണ് എടുക്കാന്‍ പോകുന്നത്. പണ്ട് കാണാച്ചരുടുകളുള്ള ലോണ്‍ വാങ്ങാന്‍ പാടില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ജൈയ്ക്കയുടെ കാണാച്ചരടില്‍ കേരളത്തെ കെട്ടിത്തൂക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.
പാരിസ്ഥിതിക ആഘാതമോ സമൂഹീക ആഘാതമോ പഠിക്കാതെ എസ്റ്റിമേറ്റ് തയാറാക്കാതെയുള്ള തട്ടിക്കൂട്ട് ഡി.പി.ആറുമായാണ് സ്ഥലം ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇവര്‍ക്ക് പദ്ധതിയെ കുറിച്ച് ഒരു ആശങ്കയുമില്ല. ലോണ്‍ ആണ് ഇവരുടെ പ്രശ്‌നം. ലോണുമായി ബന്ധപ്പെട്ടാണ് കോടികളുടെ അഴിമതി നടക്കാന്‍ പോകുന്നത്. ഇതിനു പിന്നാലെ കണ്‍സള്‍ട്ടന്‍സികളെ നിയമിച്ച് കൊണ്ടുള്ള തട്ടിപ്പും നടത്തുമെന്നും ഒരു കാരണവശാലും കേരളത്തില്‍ ഇത് അനുവദിക്കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എന്തു തടസമുണ്ടായാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും പിന്നെ എന്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ടിന്റെ വകുപ്പുകള്‍ പ്രകാരമാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. സാമൂഹിക ആഘാതം താങ്ങാന്‍ പറ്റുന്നതിന് അപ്പുറമാണെങ്കില്‍ ഈ പദ്ധതി തന്നെ സര്‍ക്കാരിന് തള്ളിക്കളയാം. എന്നാല്‍ പഠനം നടത്തുന്നതിന് മുന്‍പാണ് പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന സാമൂഹിക ആഘാത പഠനം പ്രഹസനവും ജനങ്ങളെ കബളിപ്പിക്കലുമാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.
സര്‍വ സന്നാഹങ്ങളുമായി വന്നാലും ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി, ഈ സംസ്ഥാനത്തെ മുഴുവന്‍ ഇരകളാക്കി മാറ്റുന്ന ഈ പദ്ധതിയെ ചെറുത്ത് തോല്‍പ്പിക്കും. പദ്ധതിക്ക് വേണ്ടി ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. പദ്ധതി എന്താണെന്ന ധാരണ മന്ത്രിമാര്‍ക്കു പോലുമില്ലെന്നും സജി ചെറിയാന്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ നാണക്കേട് മറയ്ക്കാനാണ് ഇപ്പോള്‍ കല്ലിടാന്‍ നടക്കുന്നതെന്നും കൂട്ടിചേര്‍ത്തു.
അതേസമയം, ലോകായുക്ത ഓര്‍ഡിനന്‍സില്‍ സി.പി.ഐയുടെ എതിര്‍പ്പില്‍ ആത്മാര്‍ത്ഥതയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാരില്‍ നിന്നും കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റും. സര്‍ക്കാരിന് എതിരായ കാര്യങ്ങളെ പ്രതിപക്ഷത്തിനൊപ്പം നിന്ന് വിമര്‍ശിക്കും. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ രണ്ടു പേരും ഒന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ വിശ്വാസ്യതയെ കുറിച്ച് സി.പി.ഐ തന്നെയാണ് ആലോചിക്കേണ്ടതെന്നും ലോകായുക്ത ഓര്‍ഡിനന്‍സിനെ എതിര്‍ത്തിട്ട് മന്ത്രിസഭയില്‍ ഒന്നിച്ച് തീരുമാനം എടുത്താല്‍ അത് അവരുടെ വിശ്വാസ്യതയെയാണ് ബാധിക്കുന്നതെന്നും വിഡി സതീശന്‍ ഓര്‍മിപ്പിച്ചു.